LATEST

‘സിനിമയിലെ ഇടവേളയ്ക്ക് കാരണം ബാദുഷ’: 20 ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്ന് ഹരീഷ് കണാരൻ

കൊച്ചി: പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻഎം ബാദുഷയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ഹരീഷ് കണാരൻ രംഗത്ത്. 20 ലക്ഷത്തോളം രൂപ ബാദുഷയ്ക്ക് വായ്പായി നൽകിയിട്ട് തിരിച്ച് നൽകിയില്ലെന്നും ഇക്കാര്യം അമ്മ സംഘടനയിൽ പരാതിപ്പെട്ടപ്പോൾ തന്നെ സിനിമകളിൽ നിന്ന് ഒഴിവാക്കിയെന്നുമാണ് ഹരീഷ് കണാരൻ ആരോപിക്കുന്നത്. സിനിമയിൽ തനിക്കുണ്ടായ ഇടവേളയ്ക്ക് കാരണം ബാദുഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായ്പ നൽകിയ പണം തിരികെ നൽകാത്തതിനെക്കുറിച്ച് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയോടടക്കം പരാതിപ്പെട്ടിരുന്നു. എന്നാൽ അതിന്റെ പേരിൽ തന്നെ സിനിമകളിൽ നിന്ന് ഒഴിവാക്കി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പലർക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും ഹരീഷ് വ്യക്തമാക്കി. നേരത്തെ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹരീഷ് ഇതേക്കുറിച്ച് സൂചന നൽകിയിരുന്നു. എന്നാൽ അന്ന് ബാദുഷയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

‘എന്റെ വീട് പണി നടക്കുന്ന സമയത്താണ് പണം തിരികെ ചോദിച്ചത്. ഒരു പടം ഇറങ്ങിക്കഴിഞ്ഞ് പണം തിരികെ നൽകാമെന്നാണ് ബാദുഷ പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. ഇതിനിടെ ‘അജയന്റെ രണ്ടാം മോഷണം’ ചിത്രീകരണം ആരംഭിച്ചെങ്കിലും എന്നെ വിളിച്ചില്ല. അന്ന് ടൊവിനോ ചോദിച്ചിരുന്നു, ചേട്ടനെന്തേ പടത്തിൽ വരാതിരുന്നതെന്ന്. എനിക്ക് ഡേറ്റില്ലെന്നാണ് പറഞ്ഞതെന്ന് ടൊവിനോ വഴിയാണ് അറിയുന്നത്. അങ്ങനെ ഒരുപാട് സിനിമകൾ നഷ്ടമായി. ഇതിപ്പോൾ പറഞ്ഞത് കൊണ്ട് എനിക്ക് സിനിമകളേ ഇല്ലാതായേക്കാം’- ഹരീഷ് പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button