LATEST

കുപ്രസിദ്ധ മോഷ്‌ടാവ് ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ; പറഞ്ഞത് സ്റ്റേഷനിൽ നിന്ന് 76,000 രൂപ കിട്ടാനുണ്ടെന്ന്, കൈവശം നൂറ് രൂപ മാത്രം

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ (ദേവീന്ദർ സിംഗ്) വീണ്ടും കസ്റ്റഡിയിൽ. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടിയത്. ഇന്നലെ വൈകിട്ടോടെയാണ് ബണ്ടിചോറിനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. എന്തിനാണ് വന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.ബണ്ടി ചോറിന്റെ കൈവശം 100 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ കരുതൽ തടങ്കലിലാണ്. ഇന്നലെ ബണ്ടി ചോർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽപ്പോയി 76,000 രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞിരുന്നു. രേഖകളൊന്നുമില്ലാത്തതിനാൽ അവിടെനിന്ന് ഇറക്കിവിട്ടു. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ പോയി കിടന്നതോടെയാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്.

2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ വീട്ടിലെ മോഷണത്തിലാണ് ബണ്ടി ചോറിനെ കേരള പൊലീസ് ആദ്യം പിടികൂടിയത്. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മോഷണം നിറുത്തുകയാണെന്ന് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പക്ഷേ,​ ബണ്ടി വീണ്ടും കവർച്ചയ്ക്കിറങ്ങുകയും പിടിയിലാവുകയും ചെയ്തു. വർഷങ്ങളോളം ജയിലിൽ കിടന്നശേഷമാണ് പുറത്തിറങ്ങിയത്. പിന്നീട് ഇയാളെപ്പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടോടെ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡൽഹിയിൽനിന്ന് ട്രെയിനിൽ കൊച്ചിയിലെത്തിയ ബണ്ടി ചോർ ഏറെനേരം റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ ചെലവഴിച്ചിരുന്നു. രൂപഭാവംകണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥരാണ് ബണ്ടി ചോർ തന്നെയാണെന്ന് ഉറപ്പിച്ചത്. ഏതെങ്കിലും കവർച്ച പ്ലാൻചെയ്ത് വന്നതാണോ ബണ്ടി എന്ന് പൊലീസ് സംശയിച്ചിരുന്നു.

10 മണിക്കൂറിലധികം കരുതൽ കസ്റ്റഡിയിൽവച്ചശേഷം അന്ന് പൊലീസ് വിട്ടയച്ചിരുന്നു. ഇയാൾക്കെതിരെ വാറന്റുകൾ ഇല്ലെന്നും കേരളത്തിൽ എത്തിയത് അഭിഭാഷകനെ കാണാനാണെന്നും വ്യക്തമായതോടെയാണ് വിട്ടയച്ചത്. തൃശൂരിലെ ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത രണ്ടു ബാഗ്, 76,000 രൂപ, മൊബൈൽ ഫോൺ എന്നിവ വിട്ടുകിട്ടാനുണ്ട്. അതിനായി അഭിഭാഷകനായ ബി ആർ ആളൂരിനെ കാണാനാണ് കൊച്ചിയിൽ എത്തിയതെന്നും ആളൂർ മരിച്ചത് പിന്നീടാണ് അറിഞ്ഞതെന്നുമായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.

ആളൂരിന്റെ ജൂനിയർ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബണ്ടി ചോർ മടങ്ങിയത്. ഒരു ബാഗ് മാത്രമാണ് കൈയിൽ കരുതിയിരുന്നത്. ഇതിൽ വസ്ത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ കേസുകളിൽ ജാമ്യത്തിലാണ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button