LATEST

ഇന്ത്യൻ വൈദ്യുത നിലയം ലക്ഷ്യംവച്ച് പാകിസ്ഥാൻ; ശ്രമം തകർത്ത് സിഐഎസ്എഫ്, പുതിയ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിയന്ത്രണരേഖയ്‌ക്ക് (എൽഒസി) സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുത നിലയം ലക്ഷ്യംവച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയെന്ന് സിഐഎസ്എഫ്. ശ്രമം പരാജയപ്പെടുത്തിയെന്നും നാശനഷ്ട‌ങ്ങൾ സംഭവിച്ചിട്ടില്ലെന്നും സേന വ്യക്തമാക്കി. അന്ന് ഉറി ജലവൈദ്യുത നിലയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 19 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് അവാർഡ് നൽകുന്ന പശ്ചാത്തലത്തിലാണ് സേന ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉറിയിലെ ജലവൈദ്യുത നിലയവും ജനവാസകേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഈ ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ടെന്നും ഡ്രോണുകളെ നിർവ്വീര്യമാക്കിയെന്നും സിഐഎസ്എഫ് വ്യക്തമാക്കി. വെടിവയ്‌പിനിടയിൽ ജനവാസകേന്ദ്രങ്ങളിൽ നിന്നും ആളുകളെ സുരക്ഷിതമായി മാറ്റ‌ിയതായും സേന പറയുന്നു.

2025 മെയ് 6,7 തീയതികളിലാണ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്ഥാനിലെ തീവ്രവാദതാവളങ്ങൾ ഇന്ത്യൻ സൈന്യം തകർത്തത്. ജമ്മുകാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ പാകിസ്ഥാൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തിനുള്ള മറുപടിയായിരുന്നു ‘ ഓപ്പറേഷൻ സിന്ദൂർ’. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച ദിവസം രാത്രി തന്നെ ഉറിയിലേക്ക് പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. എന്നാൽ അന്ന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ അതിനെ സുരക്ഷിതമായി നേരിട്ടു. ചൊവ്വാഴ്ച ന്യൂഡൽഹിയിലെ സിഐഎസ്എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അന്നത്തെ 19 ഉദ്യോഗസ്ഥർക്കും അവാർഡുകൾ നൽകി ആദരിച്ചു.

പഹൽഗാമിൽ ഭീകരർ നടത്തിയ വെടിവയ്‌പിൽ 27 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കുപുറമെ യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടിരുന്നു. ‘മിനി സ്വിറ്റ‌്സർലാൻഡ്’ എന്നറിയപ്പെടുന്ന ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button