ഇറാന് പരീക്ഷണഘട്ടം; ഖമനേയിക്ക് ശേഷം രാജ്യം ഇനി ആര് നയിക്കും? പരിഗണനാപട്ടികയിൽ ആരൊക്കെ?

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനേയി കൊല്ലപ്പെട്ടെന്ന വാർത്തകൾക്ക് രാജ്യത്തിന്റെ ഭരണസംവിധാനം പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരാകുമെന്നതാണ് പ്രധാനചോദ്യം. 1989 മുതൽ ഇറാനെ നയിച്ച ഖമേനേയി, മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാഷ്ട്രത്തലവനായിരുന്നു. ഖമേനേയി കൊല്ലപ്പെട്ടതോടെ 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമുള്ള രണ്ടാമത്തെ നേതൃമാറ്റമാണ് സംഭവിക്കാൻ പോകുന്നത്. ഖമേനിയുടെ മരണം സ്ഥിരീകരിച്ച ഇറാൻ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു.
ഖമേനേയി കൊല്ലപ്പെട്ടതിനാൽ മൂന്ന് പേരടങ്ങുന്ന ഒരു താൽക്കാലിക കൗൺസിൽ നേതൃത്വ ചുമതലകൾ ഏറ്റെടുക്കുമെന്നാണ് വിവരം. പുതിയ നേതാവിനെ നിയമിക്കുന്നത് വരെ രാജ്യത്തിന്റെ പ്രസിഡന്റ്, ജുഡീഷ്യറി മേധാവി, ഗാർഡിയൻ കൗൺസിലിലെ ഒരു നിയമജ്ഞൻ എന്നിവരാകും ചുമതലകൾ വഹിക്കുന്നത്.
ഇറാന്റെ ഭരണഘടന പ്രകാരം, പരമോന്നത നേതാവിനെ നിയമിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും വിദഗ്‌ദ്ധസംഘങ്ങൾ അടങ്ങിയ അസംബ്ലിയുടെ ഉത്തരവാദിത്തത്തിലാണ്. 88 അംഗങ്ങൾ അടങ്ങുന്നതാണ് വിദഗ്ദ്ധരുടെ അസംബ്ലി (മജ്‌ലെസ്-ഇ ഖോബ്രെഗൻ-ഇ റഹ്‌ബാരി). എട്ട് വർഷത്തെ കാലാവധിയിൽ ജനങ്ങൾ നേരിട്ടാണ് അസംബ്ലിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പരമോന്നത നേതാവിനെ നിയമിക്കുക, മേൽനോട്ടം വഹിക്കുക, ആവശ്യമെങ്കിൽ പിരിച്ചുവിടുക എന്നിവയാണ് അസംബ്ലിയുടെ ഭരണഘടനാപരമായ കടമകൾ. കർശനമായ നിയന്ത്രണങ്ങളോടെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
1989-ൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകയായ റുഹൊല്ല ഖൊമേനിയുടെ മരണശേഷമാണ് ആയത്തുള്ള അലി ഖമേനേയി ഇറാന്റെ പരമോന്നത നേതാവായത്. വരും ദിവസങ്ങളിൽ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുക എന്ന പരീക്ഷണത്തിലൂടെയാകും ഇറാൻ കടന്നുപോകുന്നത്. യുഎസ് ആസ്ഥാമായി പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫോറിൻ റിലേഷൻസിന്റെ സമീപകാല റിപ്പോർട്ടിൽ ഇറാന്റെ അടുത്ത പരമോന്നത നേതാവായി പലരുടെയും പേരുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.
അതിലൊന്നാണ് ഹൊജ്ജത്-ഉൽ-എസ്ലാം മൊഹ്‌സെൻ കോമി. ഖമേനിയുടെ ഏറ്റവും അടുത്ത ഉപദേഷ്ടാവായിരുന്നു അദ്ദേഹം. ഖമേനിയുമായുണ്ടായിരുന്ന അദ്ദേഹത്തിന്റെ അടുത്ത ബന്ധം ഭരണത്തിൽ തുടർച്ചയും സ്ഥിരതയും നിലനിർത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്. പട്ടികയിലെ മറ്റൊരു പേര് അയത്തുള്ള അലിറേസ അറഫിയുടേതാണ്. ഗാർഡിയൻ കൗൺസിലിലെയും അസംബ്ലി ഓഫ് എക്‌സ്‌പേർട്ടുകളിലെയും മുതിർന്ന പുരോഹിതനും അംഗവുമായ അറഫി ഇറാന്റെ സെമിനാരി സംവിധാനത്തിന്റെയും തലവനാണ്. വിദേശ ബന്ധങ്ങളെക്കുറിച്ചുള്ള കൗൺസിൽ അനുസരിച്ച്, അദ്ദേഹത്തിന്റെ നിയമനം നിലവിലുള്ള രാഷ്ട്രീയ ഘടനയെ സംരക്ഷിക്കുമെന്നാണ് വിശ്വാസം.
അയത്തുള്ള മൊഹ്‌സെൻ അരാക്കിയാണ് പട്ടികയിലുള്ള മൂന്നാമത്തെ പേര്. അസംബ്ലി ഓഫ് എക്‌സ്‌പേർട്ടിലെ മുതിർന്ന അംഗമായ അരാക്കി പിന്തുടർച്ച ചർച്ചകളിൽ പലപ്പോഴും പരാമർശിക്കപ്പെടുന്നുണ്ട്. നിലവിൽ ഇറാന്റെ ജുഡീഷ്യറിയുടെ തലവനായ അയത്തുള്ള ഘോലം ഹൊസൈൻ മൊഹ്‌സെനി എജെയ്യുടെ പേരും തൽസ്ഥാനത്തേക്ക് പരാമർശിക്കപ്പെടുന്നുണ്ട്. അനിശ്ചിതത്വത്തിന്റെ സമയത്ത് അദ്ദേഹത്തിന്റെ ഭരണപരമായ അറിവ് നിർണായകമാകുമെന്നാണ് കരുതുന്നത്. ഖോമിലെ വെള്ളിയാഴ്ച പ്രാർത്ഥനാ നേതാവും വിദഗ്ദ്ധരുടെ അസംബ്ലി അംഗവുമായ അയത്തുള്ള ഹാഷിം ഹൊസൈനി ബുഷെഹ്‌രിയും സാധ്യതയുള്ള മത്സരാർത്ഥികളിൽ ഒരാളായി കണക്കാക്കപ്പെടുന്നുണ്ട്.
Source link



