LATEST

യു.ഡി.എഫും എൽ.ഡി.എഫും സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന സാമുദായിക ധ്രുവീകരണത്തിനാണ് യു.ഡി.എഫും എൽ.ഡി.എഫും ശ്രമിക്കുന്നതെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതാധിഷ്ഠിത റിപ്പബ്ലിക്കാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പറഞ്ഞ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുകയാണ് യു.ഡി.എഫ്. ഏറെക്കാലം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച എൽ.ഡി.എഫ് ഇപ്പോൾ ജമാഅത്ത് ബന്ധത്തിന്റെ പേരിൽ യു.ഡി.എഫിനെ കുറ്റപ്പെടുത്തുന്നു. എൽ.ഡി.എഫിനൊപ്പം പി.എഫ്.ഐ, പി.ഡി.പി തുടങ്ങിയ വർഗീയ സംഘടനകളാണ് ഇപ്പോഴുള്ളത്. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിക്ക് താക്കോൽസ്ഥാനം കൊടുത്താൽ കേരളത്തിന്റെ മതേതര സംസ്‌കാരം തകരും. സമസ്ത ജമാഅത്തിനെ തള്ളിപ്പറയുന്നുണ്ടെങ്കിലും യു.ഡി.എഫിന്റെ ഭാഗമായ മുസ്ലിംലീഗ് ജമാഅത്തിനെ കൂടെക്കൂട്ടുന്നതിന് അനുകൂലമാണ്.

ശബരിമല സ്വർണക്കൊള്ളയിൽ സോണിയാഗാന്ധിക്ക് പങ്കുണ്ടെന്നതിന്റെ തെളിവാണ് ആന്റോ ആന്റണിയും അടൂർപ്രകാശും അവരെ കാണാൻ പോയതെന്നും സുരേന്ദ്രൻ പറഞ്ഞു. 50,000 കോടിയുടെ ആന്റിക് കച്ചവടമാണ് ശബരിമല സ്വർണക്കൊള്ളയിലൂടെ നടന്നതെന്ന് ആദ്യം ആരോപിച്ച രമേശ് ചെന്നിത്തല, സോണിയയ്ക്ക് ഇതിലുള്ള ബന്ധം പുറത്തുവന്നതോടെ ആ ആരോപണം വിഴുങ്ങി. സോണിയ ഗാന്ധിയുടെ സഹോദരിക്ക് ഇംഗ്ലണ്ടിൽ ആന്റിക് കച്ചവടമാണെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.പി. പ്രകാശ്ബാബുവും പങ്കെടുത്തു.


Source link

Related Articles

Back to top button