‘ഓപ്പറേഷൻ സിന്ദൂറിൽ പാക് പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിച്ചത് ഞാനാണ്’

വാഷിംഗ്ടൺ: ഇന്ത്യ-പാക് യുദ്ധമവസാനിപ്പിക്കാൻ താൻ നടത്തിയ ഇടപെടലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ജീവൻ രക്ഷിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓപ്പറേഷൻ സിന്ദൂറിൽ താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ 35 ദശലക്ഷം ആളുകൾ കൊല്ലപ്പെടുമായിരുന്നെന്ന് ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായും ട്രംപ് അവകാശവാദം നടത്തി. യുഎസ് കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
‘ഞാൻ ഭരണത്തിലേറി ആദ്യത്തെ 10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു. എന്റെ പങ്കാളിത്തം ഇല്ലായിരുന്നെങ്കിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ആണവയുദ്ധം നടക്കുമായിരുന്നു. പാക് പ്രധാനമന്ത്രിയടക്കം 35 ദശലക്ഷം ആളുകൾ മരിക്കുമായിരുന്നു’- ട്രംപ് പറഞ്ഞു.
ഇസ്രായേൽ-ഹമാസ് സംഘർഷം, ഇറാൻ-ഇസ്രായേൽ സംഘർഷം, ഈജിപ്- എത്യോപ്യ സംഘർഷം, ഇന്ത്യ-പാകിസ്ഥാൻ സംഘർഷം, സെർബിയ-കൊസോവോ സംഘർഷം, റുവാണോ- ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സംഘർഷം , അർമേനിയ- അസർബൈജാൻ സംഘർഷം, കംബോഡിയ-തായ്ലാൻഡ് സംഘർഷം തുടങ്ങിയവ താൻ ഇടപെട്ട് അവസാനിപ്പിച്ചെന്നാണ് ട്രംപ് അവകാശവാദം നടത്തിയത്. ഓപ്പറേഷൻ സിന്ദൂറിൽ ഇടപെട്ടതായുള്ള ട്രംപിന്റെ പ്രസ്താവനകളെ ഇന്ത്യ പലതവണ നിഷേധിച്ചിട്ടുണ്ട്.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളിൽ ഇറാൻ ഒന്നാം സ്ഥാനത്താണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഡിസംബറിൽ ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ച ശേഷം 32,000 പേരാണ് കൊല്ലപ്പെട്ടത്. ആണവായുധം നിർമ്മിക്കാനായി ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.
Source link



