726 കളിക്കാർ, 135 മത്സരങ്ങൾ; ബോക്സ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് പൂനെ

പൂനെ: ലോകത്തിലെ ഏറ്റവും വലിയ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ച് പൂനെ ആസ്ഥാനമായുള്ള സ്ഥാപനം ഗിന്നസ് റെക്കാഡിൽ ഇടംപിടിച്ചു. ക്രൈസാലിസ് എന്റർപ്രണർ ഫോറമാണ് ചരിന്രേട്ടം കൈവരിച്ചത്. മഹാരാഷ്ട്രയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് നടത്തിയ 13 ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തിനൊടുവിലാണ് സ്ഥാപനത്തിന് ഗിന്നസ് റെക്കാഡ് പദവി ലഭിക്കുന്നത്.
ടീം ഇന്ത്യ വീണ്ടും ലോകകിരീടം ചൂടുന്നത് കാണാൻ രാജ്യം ഒന്നടങ്കം കാത്തിരിക്കെയാണ് കായിക ലോകത്ത് മറ്റൊരു അഭിമാന നേട്ടം സ്വന്തമാകുന്നത്. ഇതിനുമുമ്പ് ബോക്സ് ക്രിക്കറ്റ് വിഭാഗത്തിൽ ഗിന്നസ് റെക്കാഡുകൾ ലോകത്ത് എവിടെയും നിലവിലില്ലായിരുന്നു. അതിനാൽ ഇതൊരു പുതിയ റെക്കാഡ് വിഭാഗമായാണ് ഗിന്നസ് അധികൃതർ രേഖപ്പെടുത്തിയത്.
ഫെബ്രുവരി മൂന്ന് മുതൽ 13 ദിവസമായിരുന്നു ടൂർണമെന്റ് കാലയളവ്. 75ലധികം സ്ഥാപനങ്ങളിൽ നിന്നായി 726 ജീവനക്കാരും 66 ടീമുകളിൽ നിന്നും 135 മത്സരങ്ങളുമാണ് നടന്നത്. പൂനെയിലെ ബവ്ദാനിൽ നടന്ന ക്രൈസാലിസ് എസ്എംഇ ലീഗ് എന്ന പേരിൽ നടന്ന മത്സരങ്ങളിൽ പൂനെ, മുംബയ് എന്നിവിടങ്ങളിൽ നിന്നുള്ള വ്യവസായ മേഖലയിലുള്ള 30ഓളം പേരാണ് പങ്കെടുത്തത്. കുറഞ്ഞത് 500 പേർ പങ്കെടുക്കണമെന്ന നിബന്ധന മറികടന്നാണ് റെക്കാഡ് സ്ഥാപിച്ചത്. ഗിന്നസ് വേൾഡ് റെക്കാഡ്സ് അഡ്ജുഡിക്കേറ്റർ പ്രവീൺ പട്ടേൽ ഔദ്യോഗിക സർട്ടിഫിക്കറ്റ് ഫോറം ചെയർമാൻ മനീഷ് ഗുപ്തയ്ക്ക് കൈമാറി. ഇത് മൂന്നാം തവണയാണ് ക്രൈസാലിസ് എന്റർപ്രണർ ഫോറം റെക്കാഡ് ബുക്കിൽ ഇടം നേടുന്നത്.
2014ൽ സ്കൈ ഡൈവിംഗിലൂടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സും പിന്നീട് സ്കൂബ ഡൈവിംഗിലൂടെ ഗിന്നസ് വേൾഡ് റെക്കാഡും ക്രൈസാലിസ് എന്റർപ്രണർ ഫോറം സ്വന്തമാക്കി. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ആദരിക്കാനും തൊഴിലിടങ്ങളിൽ സ്പോർട്സ്മാൻ സ്പിരിറ്റ് വളർത്താനുമാണ് ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് ഫോറം ചെയർമാൻ മനീഷ് ഗുപ്ത വ്യക്തമാക്കി.
Source link



