ഇന്ത്യൻ ടീമിൽ എവിടെ കളിപ്പിക്കും? വൈഭവ് സൂര്യവംശി അവസരത്തിനായി കാത്തിരിക്കണം: ടീമാണു പ്രധാനമെന്ന് മുൻ ഇന്ത്യൻ താരം

മുംബൈ∙ ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയെ പെട്ടെന്ന് സീനിയർ ടീമിലെടുക്കേണ്ട കാര്യമില്ലെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. നിലവിൽ ടീം ഇന്ത്യയിൽ അവസരങ്ങളില്ലാത്തതിനാൽ വൈഭവ് കാത്തിരിക്കുന്നതാണു നല്ലതെന്നും അശ്വിൻ യുട്യൂബ് ചാനലിലെ വിഡിയോയിൽ വ്യക്തമാക്കി. ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരായ പരമ്പരകളിൽ വൈഭവ് കളിക്കുമോയെന്നറിയാൻ ആരാധകർ കാത്തിരിക്കുന്നതിനിടെയാണ് അശ്വിന്റെ പ്രതികരണം. ശ്രീലങ്കയ്ക്കെതിരായ പരമ്പര കളിക്കുന്നതിനായി ഇന്ത്യ എ ടീം ക്യാംപിലാണ് വൈഭവ് ഇപ്പോഴുള്ളത്. ഐപിഎലിൽ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതിനു പിന്നാലെ വൈഭവിനെ സീനിയർ ടീമിലേക്കു പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.‘‘ഇപ്പോൾ ഈ സ്കൂളിൽ നിനക്ക് അഡ്മിഷൻ നൽകാൻ സാധിക്കില്ല. മറ്റേതെങ്കിലും സ്കൂളിലേക്കു പോകരുത്. കാത്തുനിൽക്കുക. ഒരു സീറ്റ് ഒഴിവു വന്നാൽ അതു നിനക്കായിരിക്കും.ഇങ്ങനെയാണ് വൈഭവിനോടു പറയേണ്ടത്. ടീമാണ് ഏറ്റവും പ്രധാനം. അല്ലാതെ താരങ്ങളല്ല. ടീമിനു വേണ്ടിയാകണം താരങ്ങൾ നിൽക്കേണ്ടത്. അല്ലാതെ താരങ്ങൾക്കു വേണ്ടി ടീം നിൽക്കുകയല്ല വേണ്ടത്.’’– അശ്വിൻ വ്യക്തമാക്കി. ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയാലും ട്വന്റി20 ടീമിൽ താരമായി മാത്രം സൂര്യകുമാർ യാദവിനെ പരിഗണിക്കണമെന്നും അശ്വിൻ പറഞ്ഞു.മികച്ച ഫോമിലുള്ള അഭിഷേക് ശർമ– സഞ്ജു സാംസണ്‍ സഖ്യമാണ് നിലവിൽ ഇന്ത്യയുടെ ഓപ്പണിങ് ജോഡി. ലോകകപ്പിലെ ഹീറോയായ സഞ്ജുവിനെ ഉടൻ ടീമിൽനിന്നു മാറ്റാൻ സാധ്യതയില്ല. ഫോമിലായതിനാൽ അഭിഷേകും പ്ലേയിങ് ഇലവനിലുണ്ടാകും. വൈഭവ് സൂര്യവംശിയാണെങ്കിൽ ഐപിഎലിൽ അടക്കം ഓപ്പണിങ് ബാറ്റർ മാത്രമായിട്ടാണു കളിച്ചിട്ടുള്ളത്. ഇതാണ് കൗമാര താരത്തിന്റെ ടീം സിലക്ഷനിലെ പ്രധാന വെല്ലുവിളി.
Source link
