Site icon onlinekeralanews.com

15 വയസ്സുകാരൻ സ്കൂളിൽ പോകണം, അങ്ങനെയെങ്കിൽ പന്തെറിയേണ്ടി വരില്ല: ‘അടികൊണ്ടു വലഞ്ഞ’ കമിന്‍സിന്റെ തമാശ


സിഡ്നി∙ ഇന്ത്യൻ‍ ക്രിക്കറ്റിലെ പുത്തൻ താരോദയം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമിൻസ്. 15 വയസ്സുള്ള വൈഭവ് സ്കൂളിൽ പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് കമിൻസ് തമാശരൂപേണ പറഞ്ഞു. ഐപിഎലിൽ സൺറൈസേഴ്സ് ക്യാപ്റ്റനായ കമിൻസിനെതിരെ വൈഭവ് തകർപ്പൻ‍ ബാറ്റിങ് പ്രകടനമാണു നടത്തിയത്. സൺറൈസേഴ്സിനെതിരെയാണ് രാജസ്ഥാൻ താരം സീസണിലെ വേഗതയേറിയ സെഞ്ചറി നേടിയത്. വീണ്ടും നേർക്കുനേർ വന്നപ്പോൾ 29 പന്തില്‍ 97 റൺസും വൈഭവ് അടിച്ചുകൂട്ടി. വൈഭവിന്റെ കാര്യത്തിൽ പിഴവുകൾ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് കമിൻസ് ഒരു ഓസ്ട്രേലിയൻ മാധ്യമത്തിലെ ചർച്ചയ്ക്കിടെ പറഞ്ഞു.ഐപിഎലിൽ പാറ്റ് കമിൻസിനെ നേരിട്ട ആദ്യ പന്തിൽ തന്നെ വൈഭവ് സിക്സർ തൂക്കിയിരുന്നു. ഈ മത്സരത്തിൽ തന്നെയാണ് കൗമാര താരം 36 പന്തുകളിൽനിന്ന് സെഞ്ചറിയിലെത്തിയത്. കമിൻസിനു പുറമേ, ജസ്പ്രീത് ബുമ്ര, മിച്ചൽ സ്റ്റാർക്ക് എന്നിവരെയും നേരിട്ട ആദ്യ പന്തിൽ തന്നെ വൈഭവ് സിക്സർ അടിച്ചിരുന്നു. എലിമിനേറ്ററിൽ സൺറൈസേഴ്സും രാജസ്ഥാനും ഏറ്റുമുട്ടിയപ്പോഴാണ് വൈഭവ് 97 റൺസടിച്ച് പുറത്തായത്. ഈ കളിയിൽ നാലോവറുകളിൽനിന്ന് 64 റൺസ് വഴങ്ങിയ കമിൻസിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. എലിമിനേറ്ററിൽ രാജസ്ഥാനോടു തോൽവി വഴങ്ങിയ സൺറൈസേഴ്സ് ഐപിഎലിൽനിന്നു പുറത്താകുകയായിരുന്നു.


Source link
Exit mobile version