ട്വന്റി20 ലോകകപ്പ് കളിക്കാൻ ഇന്ത്യൻ സീനിയർ താരങ്ങളോട് കെഞ്ചിനോക്കി, ആരും കേട്ടില്ല: വൻ വെളിപ്പെടുത്തലുമായി ലളിത് മോദി

ലണ്ടൻ∙ ട്വന്റി20 ലോകകപ്പിന്റെ പ്രഥമ ടൂർണമെന്റ് കളിക്കാൻ ഇന്ത്യയുടെ സീനിയർ താരങ്ങളോട് കെഞ്ചിപ്പറഞ്ഞിട്ടും ആരും കേട്ടില്ലെന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മുൻ ചെയർമാൻ ലളിത് മോദി. 2007 ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിലേക്കു പോയി താരങ്ങളോടു സംസാരിച്ചതെന്ന് ലളിത് മോദി വെളിപ്പെടുത്തി. ഓരോ താരങ്ങളോടും വ്യക്തിപരമായി സംസാരിച്ചെങ്കിലും തന്റെ വാക്കുകൾ അനുസരിക്കാൻ ആരും തയാറായില്ലെന്ന് ലളിത് മോദി വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സീനിയർ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി എന്നിവർ 2007 ലെ ട്വന്റി20 ലോകകപ്പ് കളിച്ചിരുന്നില്ല. അതേസമയം ക്യാപ്റ്റൻ ധോണിക്കു കീഴിൽ വീരേന്ദർ സേവാഗ്, യുവരാജ് സിങ്, ഗൗതം ഗംഭീർ, ദിനേഷ് കാര്‍ത്തിക്ക്, ഇർഫാൻ പഠാൻ എന്നീ പ്രധാന താരങ്ങള്‍ കളിക്കുകയും ചെയ്തു.‘‘ദക്ഷിണാഫ്രിക്കയിലേക്ക് ലോകകപ്പ് കളിക്കാൻ ബിസിസിഐ പ്രധാന ടീമിനെയല്ല അയച്ചത്. രണ്ടാം നിരയാണ് ലോകകപ്പിൽ ഇറങ്ങിയത്. സച്ചിൻ തെൻഡുല്‍ക്കർ, ദ്രാവിഡ്, ഗാംഗുലി ഇവരൊന്നും ലോകകപ്പ് കളിച്ചില്ല. ഇന്ന് ലോകകപ്പ് കളിക്കാൻ ഇന്ത്യ ബി ടീമിനെ അയച്ചാൽ നിങ്ങൾ അംഗീകരിക്കുമോ? യുവരാജ് സിങ് ആറു സിക്സുകൾ അടിക്കുന്നതു വരെ ട്വന്റി20 ലോകകപ്പിന് ഇന്ത്യയിൽ ഒരു റേറ്റിങ്ങും ഉണ്ടായിരുന്നില്ല. ആറു സിക്സുകളോ, ഒരോവറിൽ ആറു വിക്കറ്റുകളോ നേടുന്നവർക്ക് പാരിതോഷികം നൽകുമെന്നു വരെ ഞാൻ പറഞ്ഞു. ആർക്കും ഒന്നിനും താൽപര്യമില്ലാത്തപ്പോൾ എന്തെങ്കിലും സംഭവിക്കാൻ ഞാൻ ഇടപെടണമായിരുന്നു. ട്വന്റി20 ക്രിക്കറ്റ് ക്ലിക്കാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനായി ഞാൻ പരിശ്രമിച്ചുകൊണ്ടിരുന്നു.’’– ലളിത് മോദി പറഞ്ഞു.
Source link
