ഒടുവിൽ ബിസിസിഐ തീരുമാനിച്ചു, സൂര്യകുമാർ യാദവ് പുറത്ത്; ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനാകാൻ മുൻപന്തിയിൽ 2 പേർ

മുംബൈ ∙ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തുനിന്നു സൂര്യകുമാർ യാദവിനെ നീക്കും. ബിസിസിഐ വൃത്തങ്ങൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നതിനു മുൻപു തന്നെ ഈ വിവരം ടീമിന്റെ ഉന്നതാധികാര സമിതിയിയായ അപെക്സ് കൗൺസിലിനെ അറിയിക്കും. സൂര്യയെ മാറ്റുന്ന കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഒരേ നിലപാടിലാണോ എന്ന കാര്യവും ബിസിസിഐ സെക്രട്ടറി ദേവാജിത് സക്കിയ അപെക്സ് കൗൺസിലിനെ അറിയിക്കും. നായകസ്ഥാനത്തുനിന്ന് മാറ്റിയാൽ, കഴിഞ്ഞ 18 മാസത്തോളമായി ഫോമിലല്ലാത്ത സൂര്യകുമാർ യാദവ് കളിക്കാരനായി മാത്രം ടീമിലുണ്ടാകാൻ സാധ്യതയില്ല. ഏകദിന വൈസ് ക്യാപ്റ്റനായ ശ്രേയസ്സ് അയ്യർ, മധ്യനിര ബാറ്റർ തിലക് വർമ എന്നിവരിലൊരാളെയാണ് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നതെന്നും ബിസിസിഐവൃത്തം പറഞ്ഞു. എങ്കിലും ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സൂര്യയെ ഒഴിവാക്കുന്നതോടെ, ഐപിഎൽ കിരീടം നേടിയ നായകനായ ശ്രേയസ് അയ്യർ സ്വാഭാവികമായ ഒരു ചോയ്‌സ് ആയി മാറുന്നു. എന്നാൽ തിലക് വർമയാണ് മറ്റൊരു അപ്രതീക്ഷിത താരം. പ്രായം കണക്കിലെടുക്കുമ്പോൾ ഏറ്റവും അനുയോജ്യൻ തിലക് ആണെന്ന് സെലക്ഷൻ കമ്മിറ്റിയിലെ പലരും കരുതുന്നു. ട്വന്റി20 ടീമിലെ സ്ഥിരാംഗമാണെന്നതും അനൂകൂലഘടകമാണ്. ശ്രേയസ്സ് ഇപ്പോൾ ട്വന്റി20 ടീമിന്റെ ഭാഗമല്ല. ട്വന്റി20 ലോകകപ്പ് ഹീറോയായ മലയാളി താരം സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്ന നിലപാടിലാണ് ഗംഭീർ എന്നാണ് സൂചന. എന്നാൽ സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് മറ്റുള്ളർ ഇതിനെ എതിർക്കുന്നത്. മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും സ്ഥിരതയില്ലായ്മ വെല്ലുവിളിയാണ്. ഇടവേളയ്ക്കു ശേഷം ടീമിലേക്ക് എത്തിയ ഇഷാന് ഉടൻ ക്യാപ്റ്റൻ പദവി നൽകുന്നതിനെയും ചിലർ എതിർക്കുന്നു. നിലവിലെ വൈസ് ക്യാപ്റ്റനായ അക്ഷർ പട്ടേലിനെ ക്യാപ്റ്റനാക്കാനും സാധ്യത വിദൂരമാണ്.
Source link
