ഓറഞ്ച് ക്യാപ്, സൂപ്പർ സ്ട്രൈക്കർ, എമർജിങ് പ്ലേയർ; പുരസ്കാരങ്ങൾ വാരിക്കൂട്ടി വൈഭവ്, ലക്ഷങ്ങൾ സമ്മാനത്തുക, എസ്‍യുവി കാർ

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു കിരീടമുയർത്തിയപ്പോഴും സമ്മാനദാനച്ചടങ്ങില്‍ സൂപ്പർ താരമായി വൈഭവ് സൂര്യവംശി. ഓറഞ്ച് ക്യാപ് ഉൾപ്പടെ അഞ്ച് പുരസ്കാരങ്ങളാണ് 15 വയസ്സുകാരനായ വൈഭവ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സ്വീകരിച്ചത്. സംഘാടകരുടെ ക്ഷണം സ്വീകരിച്ച് ഫൈനൽ കാണുന്നതിനായി വൈഭവ് അഹമ്മദാബാദിലെത്തിയിരുന്നു. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തലവൻ ജയ് ഷായ്ക്കൊപ്പമായിരുന്നു ഗാലറിയിൽ വൈഭവിനു സീറ്റൊരുക്കിയത്. 16 മത്സരങ്ങൾ കളിച്ച വൈഭവ് ഒരു സെഞ്ചറിയും അഞ്ച് അർധ സെഞ്ചറികളും ഉൾപ്പടെ 776 റൺസാണു നേടിയത്. ഫൈനൽ മത്സരത്തിൽ ശുഭ്മന്‍ ഗില്ലും സായ് സുദർശനും കളിക്കുന്നതിനാൽ വൈഭവിന്റെ ഓറഞ്ച് ക്യാപിന് ഭീഷണിയുണ്ടായിരുന്നു.സീസണിലെ എമർജിങ് പ്ലേയർ പുരസ്കാരവും വൈഭവിനാണ്. പുരസ്കാര ദാനച്ചടങ്ങിലെ കണക്കുകൾ നോക്കിയാൽ 65 ലക്ഷം രൂപവരെ വൈഭവിന് സമ്മാനമായി മാത്രം ലഭിക്കും. 1.10 കോടി രൂപയാണ് വൈഭവിന് ഒരു ഐപിഎൽ സീസണിനായി രാജസ്ഥാൻ റോയൽസ് നൽകുന്ന പ്രതിഫലം. 2026 സീസൺ അവസാനിച്ചതോടെ ബാറ്റ് സ്പോൺസർഷിപ്പിലൂടെ മാത്രം വൈഭവിന് 12 കോടി രൂപയുടെ ഓഫർ വന്നതായി റിപ്പോർട്ടുകളുണ്ട്. മറ്റൊരു ബിസിനസ് സ്ഥാപനം വൈഭവിന് ‘ബ്ലാങ്ക് ചെക്ക്’ നൽകിയതായും അഭ്യൂഹങ്ങളുണ്ട്.
Source link
