Site icon onlinekeralanews.com

‘കർമയ്ക്ക് അതിന്റേതായ പ്ലേഓഫുകൾ ഉണ്ട്’: രാജസ്ഥാൻ റോയൽസിന്റെ തോൽവിയെ പരിഹസിച്ച് മുൻ സഹഉടമ


മുല്ലൻപുർ ∙ ഐപിഎലിൽ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് രാജസ്ഥാൻ റോയൽസ് ഫൈനൽ കാണാതെ ടൂർണമെന്റിൽനിന്നു പുറത്തായതിനു പിന്നാലെ പരിഹാസവുമായി ടീമിന്റെ മുൻ സഹഉടമ രാജ് കുന്ദ്ര. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് രാജസ്ഥാൻ റോയൽസിന്റെ പേര് എടുത്തു പറയാതെ രാജ് കുന്ദ്രയുടെ പരോക്ഷ പ്രതികരണം. ‘‘ചില തോൽവികൾ പോയിന്റ് ടേബിളിനേക്കാൾ വലുതാണ്. കർമയ്ക്ക് അതിന്റേതായ പ്ലേഓഫുകൾ ഉണ്ട്.’’– രാജസ്ഥാന്റെ തോൽവിക്കു പിന്നാലെ രാജ് കുന്ദ്ര കുറിച്ചു. അടുത്തിടെ, രാജസ്ഥാൻ റോയൽസിന്റെ 1.63 ബില്യൻ ഡോളറിന്റെ വിൽപനയെ ചോദ്യം ചെയ്ത് രാജ് കുന്ദ്ര ബിസിസിഐയെയും കോടതിയെയും സമീപിച്ചിരുന്നു. 2015ൽ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഓഹരികൾ കൈമാറ്റം ചെയ്തതെന്നും, തന്റെ 11.7% ഓഹരികൾ തിരികെ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നടപടി. ഉടമസ്ഥാവകാശ ഘടന ഇപ്പോഴും നിയമപരമായ വെല്ലുവിള നേരിടുന്നതിനാൽ, ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത് ഈ ഘട്ടത്തിൽ അനുവദിക്കരുതെന്നും കുന്ദ്ര ആവശ്യപ്പെട്ടു. 2008ൽ ഐപിഎലിലെ കന്നിസീസണിൽ ജേതാക്കളായ രാജസ്ഥാൻ റോയൽസിന് പിന്നീട് കിരീടത്തിൽ  മുത്തമിടാൻ ഇതുവരെ സാധിച്ചിട്ടില്ല. 2022ൽ സഞ്ജു സാംസന്റെ കീഴിൽ രാജസ്ഥാൻ ഫൈനൽ വരെയെത്തിയെങ്കിലും ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റു. സഞ്ജുവിനു പിൻഗാമിയായി നായകനായ റിയാൻ പരാഗിന്റെ നേതൃത്വത്തിൽ ഈ സീസണിൽ നാലാം സ്ഥാനക്കാരായാണ് രാജസ്ഥാൻ പ്ലേഓഫിലെത്തിയത്. എലിമിനേറ്റിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചെങ്കിലും രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് കാലിടറുകയായിരുന്നു.  


Source link
Exit mobile version