വിമാനം വൈകി, ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടി; ഐപിഎൽ ഫൈനലിനു തലേന്ന് യാത്ര ചെയ്യേണ്ടി വന്ന ആദ്യ ടീം

അഹമ്മദാബാദ് ∙ ഐപിഎൽ ഫൈനലിന് ഇറങ്ങും മുൻപേ ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടി. വടക്കേ ഇന്ത്യയിലുണ്ടായ ശക്തമായ കാറ്റും മഴയും കാരണം ന്യൂ ചണ്ഡീഗഢിൽ നിന്നുള്ള വിമാന സർവീസുകൾ വൈകിയതോടെ ശനിയാഴ്ച രാത്രി വൈകിയാണ് ഗുജറാത്ത് ടീമിന് അഹമ്മദാബാദിൽ എത്താനായത്. ഇതോടെ ഫൈനലിന് മുന്നോടിയായി ടീമിന് ഒരുങ്ങാന്‍ 24 മണിക്കൂറില്‍ താഴെ സമയം മാത്രമേ ലഭിക്കൂ. മുൻപു രണ്ടു വേദികളിലായി നടത്തിയിരുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ ഇത്തവണ മൂന്നു വേദികളിലാണ് ബിസിസിഐ ക്രമീകരിച്ചത്. ആദ്യ ക്വാളിഫയര്‍ ധരംശാലയിലും എലിമിനേറ്ററും രണ്ടാം ക്വാളിഫയറും ന്യൂ ചണ്ഡീഗഡിലുമാണ് നടന്നത്. ഫൈനൽ അഹമ്മദാബാദിലും. സാധാരണഗതിയിൽ രണ്ടാം ക്വാളിഫയറും ഫൈനലും ഒരേ വേദിയിലാണ്. അതിനാൽ രണ്ടാം ക്വാളിഫയർ ജയിച്ച് ഫൈനലിൽ കയറുന്ന ടീമിന് പിന്നീട് യാത്ര ചെയ്യേണ്ടി വരുകയുമില്ല. ഇത്തവണ, ആദ്യമായാണ് ഒരു ടീമിന് ഫൈനൽ മത്സരത്തിന്റെ തൊട്ടുമുൻപത്തെ ദിവസം കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടി വരുന്നത്. നിലവില്‍ അഹമ്മദാബാദിലെ കാലാവസ്ഥ അനുകൂലമാണ്. അഞ്ച് ശതമാനം മാത്രമാണ് മഴയ്ക്കു സാധ്യത. 2023ല്‍ അഹമ്മദാബാദില്‍ നടന്ന ചെന്നൈ സൂപ്പർ കിങ്സ്– ഗുജറാത്ത് ടൈറ്റൻസ് ഐപിഎല്‍ ഫൈനല്‍ മഴമൂലം റിസര്‍വ് ദിനത്തിലാണ് നടത്തിയത്. രണ്ടാം ദിവസവും മഴ വില്ലനായതോടെ രണ്ടു മണിക്കൂര്‍ അധികം അനുവദിക്കുകയായിരുന്നു. ഫലത്തില്‍ മൂന്നാം ദിനം പുലര്‍ച്ചെയാണ് അന്ന് മത്സരം പൂര്‍ത്തിയാക്കിയത്. ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സാണ് അന്നു കിരീടം നേടിയത്. 2022ൽ സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചാണ് ഇതേ വേദിയിൽ ഗുജറാത്ത് ആദ്യ കിരീടം നേടിയത്.
Source link
