വൈഭവ് സൂര്യവംശിക്ക് കളിക്കാൻ താൽപര്യമുണ്ടെങ്കിൽ ടെസ്റ്റ് ഫോർമാറ്റിന് വേറെ പരസ്യം വേണ്ട: കാത്തിരിക്കുന്നെന്ന് ദക്ഷിണാഫ്രിക്ക മുൻ താരം

മുംബൈ∙ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ തയാറായാൽ, ഫോര്‍മാറ്റിന് അതിലും വലിയ പരസ്യം ആവശ്യമില്ലെന്ന് ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്ൻ. ഐപിഎലിൽ വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെയാണ് ഡെയ്ൽ സ്റ്റെയ്ൻ എക്സ് പ്ലാറ്റ്ഫോമിൽ നിലപാടു വ്യക്തമാക്കിയത്. ഐപിഎലിൽ തകർത്തുകളിച്ച വൈഭവ് ഇതുവരെ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറിയിട്ടില്ല. താരത്തെ വൈകാതെ തന്നെ ദേശീയ ടീമിലേക്കു പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ‘‘ഇന്ത്യയ്ക്കായി റെഡ് ബോൾ ക്രിക്കറ്റിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് വൈഭവ് പറഞ്ഞാൽ അതിലും വലിയ പരസ്യം ടെസ്റ്റ് ഫോർമാറ്റിന് കിട്ടാനില്ല. ഞങ്ങളുടെ പ്രതീക്ഷകൾ നിന്നിലാണ്.’’–ഡെയ്ൽ സ്റ്റെയ്ൻ പ്രതികരിച്ചു.ട്വന്റി20 ഫോർമാറ്റിൽ ലോകത്തിലുള്ള ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾ എന്നാണ് വൈഭവിനെക്കുറിച്ച് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മത്സര ശേഷം പ്രതികരിച്ചത്. ‘‘ വൈഭവ് ബാറ്റു ചെയ്യുന്നതു പോലെ ഒരാൾ കളിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഈ സീസൺ അദ്ദേഹം അത്രയും മികച്ചതാക്കി. ബൗണ്ടറികൾ അടിക്കുന്നതിൽ മാത്രമല്ല. വൈഭവിന്റെ കയ്യിലെ വേഗതയും സാങ്കേതിക മികവും എതിരെ ആരാണ് എന്നതുപോലും പ്രസക്തമല്ലാതാക്കുന്നു.’’- ഗില്‍ അഭിമുഖത്തിനിടെ പ്രതികരിച്ചു.
Source link
