test del 4 copy of del 3

ഡ്രൈവിങ് ടെസ്റ്റിൽ വിജയിച്ചിട്ടും ലൈസൻസ് കയ്യെത്താദൂരത്ത്: പരിവഹൻ സൈറ്റ് തകരാർ; കെട്ടിക്കിടക്കുന്നത് നൂറു കണക്കിനു ലൈസൻസുകൾ


കാക്കനാട് ∙ മധ്യവേനൽ അവധിക്കാലത്ത് ഡ്രൈവിങ് പഠിച്ചു ടെസ്റ്റ് പാസായ വിദ്യാർഥികളിൽ പലർക്കും ഡ്രൈവിങ് ലൈസൻസ് കാണാൻ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ല. എട്ടും എച്ചും റോഡ് ടെസ്റ്റും പാസായ പരീക്ഷാർഥികളുടെ ഫയൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ആർടി ഓഫിസിൽ എത്തിച്ചാലും പരിവഹൻ വെബ്സൈറ്റ് തകരാറിലായതിനാൽ ലൈസൻസിന് അംഗീകാരം നൽകാനാകുന്നില്ല. നേരത്തേയുള്ളതു പോലെ ലൈസൻസ് തപാലിൽ അയയ്ക്കുന്ന നടപടി ഇപ്പോഴില്ല. ലൈസൻസിന് അംഗീകാരം ലഭിച്ചാൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തു ലാമിനേറ്റ് ചെയ്തു സൂക്ഷിക്കണമെന്നാണ് നിർദേശം. അപൂർവമായി ലൈസൻസുകൾക്ക് അംഗീകാരം ലഭിച്ചാലാകട്ടെ അതു ഡൗൺലോഡ് ചെയ്യാനും കഴിയുന്നില്ല.ആർടിഒ ഓഫിസിൽ വെബ്സൈറ്റോ കംപ്യൂട്ടറോ തകരാറിലായാൽ ഉടൻ പരിഹരിക്കാനായി നിയോഗിച്ചിരുന്ന 2 ടെക്നീഷ്യൻമാരെ ഏതാനും മാസം മുൻപ് പിൻവലിച്ചിരുന്നു. അതോടെ പ്രതിസന്ധിയിലായ നടപടിക്രമങ്ങളാണ് പരിവഹൻ വെബ്സൈറ്റ് മെല്ലെപ്പോക്കിലായതോടെ കൂടുതൽ രൂക്ഷമായത്. ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ, പഴയ വാഹനങ്ങളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറൽ, വാഹന വായ്പ ആർസിയിൽ നിന്നു നീക്കം ചെയ്യൽ, വായ്പ ചേർക്കൽ, വിലാസം മാറ്റൽ ഉൾപ്പെടെ എല്ലാ നടപടികളും അവതാളത്തിലാണ്. വെബ്സൈറ്റ് പൂർണമായി തുറന്നു കിട്ടുന്നില്ലെന്നാണ് പരാതി. പലപ്പോഴും സൈറ്റ് തുറന്നാലും പകുതി വഴിയിൽ നിശ്ചലമാകുന്നു. പൊതുജനങ്ങൾക്കും സേവനം ലഭിക്കുന്നില്ല. ആർടി ഓഫിസിലെ എല്ലാ നടപടികളും ഓൺലൈനിൽ ആക്കിയതിനാൽ വെബ്സൈറ്റ് ഇല്ലാതെ ഫയലോ അപേക്ഷയോ പരിഗണിക്കാനാകില്ല.അക്ഷയ കേന്ദ്രങ്ങളിലെത്തിയാലും മോട്ടർ വാഹന വകുപ്പിന്റെ സേവനം ലഭിക്കണമെങ്കിൽ ഭാഗ്യം വേണമെന്ന് അപേക്ഷകർ പറയുന്നു. ഇ സേവ കേന്ദ്രത്തിലും ഇതു തന്നെ അവസ്ഥ. ഡ്രൈവിങ് ലേണേഴ്സ് പരീക്ഷയ്ക്ക് അപേക്ഷിക്കാനും ലേണേഴ്സ് പാസായാൽ ഡ്രൈവിങ് ടെസ്റ്റിനു തീയതി കിട്ടാനും സൈറ്റിനു മുൻപിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. അപേക്ഷകരിൽ പലരും പരിഹാരം തേടി ആർടിഒയെയും ജോയിന്റ് ആർടിഒയെയും സമീപിക്കുന്നുണ്ടെങ്കിലും അവരും നിസ്സഹായരാണ്.


Source link

Back to top button