ധീരജ് വധക്കേസ്: ഒന്നാം പ്രതി നിഖിൽ പൈലി ഇടുക്കി ഡിസിസി അംഗം

ചെറുതോണി ∙ ഇടുക്കി ഡിസിസി അംഗമായി ധീരജ് വധക്കേസ് ഒന്നാം പ്രതി നിഖിൽ പൈലിയെ നാമനിർദേശം ചെയ്തു. ഇതു സംബന്ധിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു ബന്ധപ്പെട്ട മണ്ഡലം പ്രസിഡന്റുമാർക്കും ബ്ലോക്ക് പ്രസിഡന്റുമാർക്കും അറിയിപ്പ് നൽകി. നിഖിൽ പൈലി ഉൾപ്പെടെ 5 പേരെയാണ് ഡിസിസിയിലേക്ക് നാമനിർദേശം ചെയ്തത്.2022 ജനുവരി 10നാണ് പൈനാവിലെ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ കണ്ണൂർ സ്വദേശി ധീരജ് രാജേന്ദ്രൻ കുത്തേറ്റ് കൊല്ലപ്പെട്ടത്. നിഖിൽ പൈലി അടക്കം 8 യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിഖിൽ പൈലി ഉൾപ്പെടെയുള്ള പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്. പ്രതികൾ നിരപരാധികളാണെന്ന നിലപാടായിരുന്നു തുടക്കം മുതൽ ജില്ലയിലെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്. കുമളി സ്വദേശികളായ മജോ കാരിമുട്ടം, ജോയി വടക്കേടം, വർക്കി ആലക്കാപറമ്പിൽ, കാഞ്ചിയാർ സ്വദേശി മാമ്പ്രയിൽ ജോർജ് ജോസഫ് എന്നിവരാണ് ഡിസിസി മെംബർമാരായി നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവർ.
Source link
