രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിനു ഗുണമാകും; 3 സീറ്റുകൂടി ലഭിച്ചേക്കും: എൻഡിഎയ്ക്ക് ഒരു സീറ്റ് നഷ്ടപ്പെടും

ന്യൂഡൽഹി ∙ രാജ്യസഭയിൽ 12 സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 26 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കും. കാലാവധി അവസാനിക്കുന്നവരിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖർഗെ, ദിഗ്‌വിജയ് സിങ്, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, രവ്‌നീത് സിങ് എന്നിവരും ഉൾപ്പെടുന്നു.ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ നിരയ്ക്ക് 3 സീറ്റുകൾ അധികം ലഭിക്കാനാണു സാധ്യത. അതേസമയം, എൻഡിഎയ്ക്ക് നിലവിലുള്ള സീറ്റുകളിലൊന്നു നഷ്ടമായേക്കും. ഒഴിവുവരുന്ന 26 സീറ്റുകളിൽ 18 എണ്ണം എൻഡിഎയുടേതും നാലെണ്ണം കോൺഗ്രസിന്റേതും മൂന്നെണ്ണം വൈഎസ്ആർസിപിയുടേതും ഒന്ന് ജെഎംഎമ്മിന്റേതുമാണ്. നിയമസഭകളിലെ അംഗബലം കണക്കിലെടുക്കുമ്പോൾ എൻഡിഎയ്ക്ക് 17 പേരെ ജയിപ്പിക്കാനേ കഴിയൂ. കോൺഗ്രസിന് 5, ജെഎംഎമ്മിന് 2, ടിവികെയ്ക്ക് 1 എന്നിങ്ങനെ എംപിമാരെ ലഭിച്ചേക്കും.ആന്ധ്രപ്രദേശിലെ 4 സീറ്റുകളും തെലുഗുദേശം പാർട്ടിയും ഗുജറാത്തിലെ 4 സീറ്റുകളും ബിജെപിയും നേടും. ജാർഖണ്ഡിൽ ജെഎംഎം-കോൺഗ്രസ് സഖ്യം 2 സീറ്റുകൾ നേടാൻ സാധ്യതയുണ്ട്. എന്നാൽ, പ്രതിപക്ഷ വോട്ടും നേടി ഒരു സീറ്റ് പിടിക്കാൻ ബിജെപി ശ്രമിക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് 2 സീറ്റും വീതവും കോൺഗ്രസിന് ഓരോ സീറ്റും നേടുമെന്നാണ് കണക്കുകൂട്ടൽ. കേരളത്തിൽ നിന്നുള്ള മന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നാണ് സഭയിലെത്തിയത്.
Source link
