Site icon onlinekeralanews.com

‘റിനി ആൻ‌ ജോർജിന് പ്രാഞ്ചിയേട്ടൻ‌ സ്വഭാവം, പറവൂരിൽ ടൈസനു വേണ്ടി പ്രചാരണം നടത്തി’; പ്രതികരിക്കാതെ കോൺഗ്രസ്


കണ്ണൂർ ∙ സത്യപ്രതിജ്ഞയ്ക്ക് വിഐപി പാസുമായി വന്ന തന്നെയടക്കം തടഞ്ഞു നിർ‌ത്തിയപ്പോൾ റിനി ആൻ ജോർജ് എങ്ങനെയാണ് വേദിയിൽ കയറിയതെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ‌ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ. റിനി ആൻ ജോർജ് പ്രാഞ്ചിയേട്ടനെ പോലെയാണ് പെരുമാറുന്നതെന്നും ഇത്തരക്കാരെ അടുപ്പിക്കരുതെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും വിജിൽ മോഹൻ പറഞ്ഞു. എന്നാൽ വിജിലിന്റെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. തൽക്കാലം പ്രതികരിക്കുന്നില്ലെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം. റിനി തിരുവനന്തപുരത്ത് സത്യപ്രതിജ്ഞാ വേദിയിൽ എത്തിയതിനെ വിമർശിച്ച് സമൂഹമാധ്യത്തിൽ വിജിൽ കുറിപ്പിട്ടിരുന്നു. ഈ അവതാരത്തെ കരുതിയിരിക്കുക എന്ന കുറിപ്പോടെയാണ് വിജിൽ റിനിയുെട ചിത്രം പങ്കുവച്ചത്. കഴിഞ്ഞ തവണ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി കൗൺസിലറായിരുന്ന വിജിൽ ഇത്തവണ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് വിജിൽ.വിഐപി പാസ് ഉണ്ടായിട്ടും പൊലീസ് 20 മിനിറ്റോളം തടഞ്ഞു നിർത്തിയെന്ന് വിജിൽ മോഹൻ‌ പറഞ്ഞു. പിന്നീട് എംഎൽഎമാർ പറഞ്ഞപ്പോഴാണ് ഞങ്ങളെ കടത്തി വിട്ടത്. വിഐപി പാസുണ്ടായിട്ടും പൊലീസ് തടഞ്ഞതോടെ നൂറുകണക്കിനാളുകൾക്ക് പുറത്തു നിൽക്കേണ്ടി വന്നു. അവിടെയെത്തിയ പകുതിയാളുകൾക്കും ചടങ്ങ് കാണാൻ പോലും സാധിച്ചില്ല. ആ സാഹചര്യത്തിലാണ് റിനി വേദിയിൽ കയറി ഫോട്ടോ എടുത്തത്. നേതാക്കൻമാരുടെ പിന്തുണയിലാണ് വേദിയിലെത്തിയതെന്ന് കരുതുന്നില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ സഹായിച്ചതായിരിക്കണം. യൂത്ത് കോൺഗ്രസിൽ എല്ലാവർക്കും റിനിയോട് എതിർപ്പുണ്ട്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന് പിന്നാലെ എന്നെ നിരവധിപേർ ബന്ധപ്പെട്ടിരുന്നു. ഇത്തരക്കാരെ അടുപ്പിക്കരുതെന്ന് കോൺഗ്രസ് നേതൃത്വത്തെ നേരിട്ട് അറിയിക്കും. റിനിയുടേത് പ്രാഞ്ചിയേട്ടൻ സ്വഭാവമാണ്. എനിക്ക് ഇന്ന ആളുകളുമായി ബന്ധമുണ്ട് എന്ന് കാണിക്കാൻ നോക്കുകയാണ്. സിപിഎമ്മിന്റെ വേദിയിൽ പോയ ആളാണ് റിനി. വി.ഡി. സതീശനെതിരെ പറവൂരിൽ മത്സരിച്ച ഇ.ടി. ടൈസനു വേണ്ടി പ്രചാരണം നടത്തി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നെങ്കിൽ പിണറായിക്ക് ആശംസകൾ എന്ന് പറഞ്ഞ് രംഗത്തെത്തിയേനെ. നിലപാടില്ലാത്ത ആളാണ് റിനിയെന്നും വിജിൽ പറഞ്ഞു.


Source link
Exit mobile version