Site icon onlinekeralanews.com

പരാജയങ്ങളിൽ പതറാത്ത ഇച്ഛാശക്തി, ആ പ്രവർത്തന കാലത്തെ പ്രണയം വിവാഹത്തിലെത്തി; ആദ്യ ജയത്തിനൊപ്പം മന്ത്രിസ്ഥാനവും


പാലക്കാട് ∙ ചരിത്രാധ്യാപികയായ കെ.എ.തുളസി മന്ത്രിയായി; ഒപ്പം പിറക്കുന്നത് ഒരുപിടി ചരിത്രം. ജില്ലയിലെ ആദ്യ വനിത മന്ത്രി, കോങ്ങാട്ടെ ആദ്യ കോൺഗ്രസ് എംഎൽഎ, മണ്ഡലത്തിൽ നിന്നുള്ള ആദ്യത്തെ മന്ത്രി, കെ.ശങ്കരനാരായണനു ശേഷം, 2 പതിറ്റാണ്ടുകൾ കഴിഞ്ഞ് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് മന്ത്രി. തോൽവികളിൽ തളരാതെ പൊതുപ്രവർത്തന രംഗത്തു സജീവമായി നിന്ന കെ.എ.തുളസി മന്ത്രിപദവിയിലെത്തിയതിന്റെ ആഹ്ലാദത്തിലാണു നാട്. തൃശൂർ കൊണ്ടാഴി കെ.എ.അയ്യപ്പന്റെയും എം.കെ.അമ്മിണിയുടെയും മകളാണു തുളസി. പിതാവ് അയ്യപ്പൻ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു.പഠിച്ചു ജോലി ലഭിക്കും മുൻപേ തന്നെ അച്ഛൻ മരിച്ചതോടെ തുളസിക്കും സഹോദരി പ്രസീതയ്ക്കും താങ്ങായതു സഹോദരൻ കെ.എ.കൃഷ്ണകുമാറായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗമായ കാലത്തും തുളസി പഠനം തുടർന്നു. നെന്മാറ എൻഎസ്എസ് കോളജിൽ അധ്യാപികയാകും മുൻപു പല കോളജുകളിലും താൽക്കാലിക അധ്യാപികയായി. 2000ൽ കെ.കരുണാകരന്റെ അധ്യക്ഷതയിൽ തൃശൂരിൽ നടന്ന ഒരു പാർട്ടി യോഗത്തിലാണു വി.കെ.ശ്രീകണ്ഠനും കെ.എ.തുളസിയും തമ്മിൽ കാണുന്നത്. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ചു പ്രവർത്തിച്ചതോടെ പ്രണയം വിവാഹത്തിലേക്കെത്തി. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ മാലയിട്ട ശേഷം ഷൊർണൂരിൽ വിവാഹ സൽക്കാരം. നെന്മാറ എൻഎസ്എസ് കോളജ് അധ്യാപികയെന്ന നിലയിലും പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുമ്പോഴും മികവു പുലർത്തി. വനിത കമ്മിഷൻ അംഗമെന്ന നിലയിൽ സംസ്ഥാനമാകെ യാത്രചെയ്തു സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സജീവമായി പ്രവർത്തിച്ചു.‌


Source link
Exit mobile version