Site icon onlinekeralanews.com

കണ്ണീരായി മധുവിധു യാത്ര; പ്രിയതമയ്ക്കു പിന്നാലെ ആഷിക്കും യാത്രയായി, ഭാര്യയുടെ മരണം അറിയാതെ


തിരുവനന്തപുരം ∙ കവടിയാറിൽ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി കൊടുവായൂർ പിട്ടുപീടികയിൽ നിജാമുദ്ദീൻ മകൻ ആഷിക് സാനു (29) മരിച്ചു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇന്നലെ രാവിലെ 6.30ന് ആയിരുന്നു മരണം. കബറടക്കം ഇന്ന് രാവിലെ 9ന് കൊടുവായൂർ ഹനഫി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഇക്കഴിഞ്ഞ 8ന് രാവിലെയാണ് കവടിയാർ കുറവൻകോണം റോഡിൽ നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി നവദമ്പതികളായ ആഷിക്കിനും ഭാര്യ നൗഷിജയ്ക്കും ഗുരുതര പരുക്കേറ്റത്. നൗഷിജ അപകട ദിവസം തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആഷിക്കിന്റെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം നടന്നിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ആഷിക് മടങ്ങാൻ നിശ്ചയിച്ചിരുന്ന ദിവസമായിരുന്നു ഇന്നലെ. ആഷിക്കിന്റെ ഉമ്മ ഖദീജ. സഹോദരൻ അജ്മൽ. കൊടുവായൂർ പിട്ടുപ്പീടിക കുരുടൻകൊളുമ്പിൽ നിജാമുദ്ദീന്റെയും ഖദീജയുടെയും മകൻ ആഷിക് (29) തിരുവനന്തപുരത്തു ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെ മരിച്ചത്. അപകടത്തിൽ ആദ്യം മരിച്ചത് ആഷിക്കിന്റെ ഭാര്യ നൗഷിജ (24) ആയിരുന്നു. പൊൽപുള്ളി വേർകോലി സ്വദേശിനിയായ നൗഷിജയും ആഷിക്കും മാർച്ച് 28നാണ് വിവാഹിതരായത്. ദുബായിൽ ജോലി ചെയ്യുകയായിരുന്ന ആഷിക് വിവാഹശേഷം ഇന്നലെ മടങ്ങാനിരുന്നതാണ്. എന്നാൽ മധുവിധു യാത്ര ജീവിതത്തിന്റെ അവസാന യാത്രയായി.


Source link
Exit mobile version