test del 1

കാർത്തികേയന്റെ വീട്ടിൽ വിതുമ്പി സതീശൻ, മൂത്തമകനെന്ന് ആശ്വസിപ്പിച്ച് സുലേഖ

തിരുവനന്തപുരം: ”ചീഫ് മിനിസ്റ്റർ ഇങ്ങനെ കരയരുത്, കരച്ചിലൊന്നും വരരുത്…”” മുന്നിൽ നിന്ന് വിതുമ്പിയ വി.ഡി.സതീശനെ മകനെപ്പോലെ ചേർത്തുപിടിച്ച് ജി.കാർത്തികേയന്റെ ഭാര്യ സുലേഖ ആശ്വസിപ്പിച്ചു.

രാഷ്ട്രീയഗുരുവായ ജി.കെയുടെ ശാസ്തമംഗലത്തെ വീട്ടിൽ അനുഗ്രഹം തേടിയെത്തിയതായിരുന്നു നിയുക്ത മുഖ്യമന്ത്രി. ബന്ധുക്കളെ കണ്ടതും വിതുമ്പിപ്പോയി.

‘സാറല്ലേ എന്നെ എല്ലാമാക്കിയത്, ഏറെ കടപ്പാടുള്ളത് സാറിനോടാണ്”– സതീശൻ പറഞ്ഞു. ‘ഞങ്ങൾക്ക് മക്കളെ പോലയല്ലേ നിങ്ങളും’ എന്നു പറഞ്ഞാണ് സുലേഖ സ്വീകരിച്ചത്. ശബരീനാഥനും ഭാര്യ ദിവ്യ എസ്.അയ്യരും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

അകത്തെ മുറിയിൽ ശബരിനാഥനും സുലേഖയുമായി മാത്രം കുറച്ചു നേരം സതീശൻ സംസാരിച്ചു. പിന്നീട് കൊച്ചുമക്കൾ ഉൾപ്പെടെ കുടുംബാംഗങ്ങളെ സുലേഖ പരിചയപ്പെടുത്തി.

ഞാൻ വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിൽ നിന്നു പുറത്തുപോയ ആളാണ്. തിരിച്ചുവന്നപ്പോൾ 1996ലും 2001ലും എന്നെ അസംബ്ലിയിലേക്ക് മത്സരിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. ഞാൻ എം.എൽ.എ ആയാൽ പാർട്ടിക്ക് ഒരു അസറ്റ് ആയിരിക്കുമെന്ന് എ.കെ.ആന്റണിയേയും കെ.കരുണാകരനേയും ബോദ്ധ്യപ്പെടുത്തി സീറ്റു വാങ്ങിത്തന്നത് ജി.കാർത്തികേയൻ സാറാണ്. എന്റെ കുടംബമാണിത്. ഞാൻ ശബരിയോട് പറയാറുണ്ട്, ഞാനാണിവിടത്തെ മൂത്തമകനെന്ന്. അദ്ദേഹത്തിന്റെ വിരലിൽ തൂങ്ങിയാണ് ഞാൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നടന്നിരുന്നത്. ഇവിടെ വന്നില്ലെങ്കിൽ ഞാനെവിടെ പോകാനാണ് – സതീശൻ പറഞ്ഞു.

മൂത്തമകനാണ് സതീശനെന്നായിരുന്നു സുലേഖയുടെ മറുപടി. സതീശന് രാഷ്ട്രീയത്തിൽ ചിലതൊക്കെ ചെയ്യാൻ കഴിയുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് ജി.കെയാണ്. ഇനിയും ഉയരങ്ങളിലെത്തണം. ഉമ്മൻചാണ്ടി സാറിനെപ്പോലെ എല്ലാവരേയും സ്നേഹിക്കുന്ന, പാവങ്ങളെ ചേർത്തുപിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന നല്ലൊരു മുഖ്യമന്ത്രിയാകട്ടെ എന്നും ആശംസിച്ചു.

നടൻ ജഗദീഷും നിർമ്മാതാവ് രഞ്ജിത്തും വീട്ടിലുണ്ടായിരുന്നു. എല്ലാവരുമായും കുശലാന്വേഷണം നടത്തിയാണ് സതീശൻ മടങ്ങിയത്.


Source link

Back to top button