Site icon onlinekeralanews.com

ഒഎസ്ഡി ആയി ജ്യോതിഷി വേണ്ട, സഖ്യകക്ഷികളും എതിർത്തു; നിയമന ഉത്തരവ് റദ്ദാക്കി വിജയ്


ചെന്നൈ ∙ സഖ്യകക്ഷികളുടെ അടക്കം കടുത്ത രാഷ്ട്രീയ വിമർശനങ്ങൾക്കു പിന്നാലെ തന്റെ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി നിയമിച്ച ഉത്തരവ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് റദ്ദാക്കി. നിയമനം നടന്ന് 36 മണിക്കൂറുകൾക്കകമാണ് ഉത്തരവ് റദ്ദാക്കിയത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാനത്ത് വൻ വിജയം നേടുമെന്നും വിജയ് മുഖ്യമന്ത്രിയാകുമെന്നും റിക്കി രാധൻ പ്രവചിച്ചിരുന്നു. തുടർന്ന് പുതിയ സർക്കാർ അധികാരമേറ്റതിനു പിന്നാലെ മേയ് 12നാണ് റിക്കി രാധനെ മുഖ്യമന്ത്രിയുടെ ഒഎസ്ഡി (പൊളിറ്റിക്കൽ) ആയി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇത്തരം പദവികൾ നൽകുന്നതിനെതിരെ കടുത്ത നിലപാടാണ് കോൺഗ്രസ്, സിപിഎം, വിസികെ തുടങ്ങിയ പാർട്ടികൾ സ്വീകരിച്ചത്. ഭരണപരമായ യാതൊരു പരിചയവുമില്ലാത്ത ഒരു ജ്യോതിഷിക്ക് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തന്ത്രപ്രധാനമായ പദവി നൽകിയതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കി. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതോടെയാണ് ഒടുവിൽ പൊതുവികാരം മാനിച്ച് നിയമന ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി വിജയ് നിർബന്ധിതനായത്.


Source link
Exit mobile version