ടഗോർ പൊറുക്കണം; ഹാൾ നിർമാണം വൈകും! നവീകരണത്തിനായി പൊളിച്ചുമാറ്റിയിട്ട് ഒരുവർഷം; നിർമാണത്തിന് ഫണ്ടില്ല

കോഴിക്കോട് ∙ സംസ്കാരിക കേന്ദ്രമാക്കാൻ പൊളിച്ചുമാറ്റിയ ടഗോർ ഹാൾ മാലിന്യകേന്ദ്രം. സാംസ്കാരിക പരിപാടികൾക്കായി നഗരഹൃദയത്തിലുണ്ടായിരുന്ന ഏറ്റവും വലിയ പൊതുഹാൾ പൊളിച്ചുനീക്കിയിട്ട് ഒരു വർഷം പിന്നിട്ടിട്ടും പുതിയ കെട്ടിടം പണിയാൻ ഫണ്ട് ലഭിച്ചിട്ടില്ല. മൾട്ടിപ്ലക്സ് തിയറ്റർ ഉൾപ്പെടെയുള്ള സാംസ്കാരിക കോംപ്ലക്‌സാക്കി പണിയാനാണ് ഹാൾ കഴിഞ്ഞ വർഷം ആദ്യം പൊളിച്ചത്.67.75 കോടി രൂപ ചെലവിൽ ബുക് ഷോപ്പ്, മൾട്ടിപ്ലക്സ് തിയറ്റർ, കോഫി ഷോപ്പ് എന്നിവയടങ്ങിയ 3 നില കെട്ടിടമാണ് പണിയാനുദ്ദേശിച്ചത്. 2000 പേർക്ക് ഇരിക്കാവുന്ന പ്രധാന ഹാൾ, 150 പേർക്ക് ഇരിക്കാവുന്ന മിനി ഹാൾ, ആധുനിക ദൃശ്യ– ശ്രവ്യ സംവിധാനങ്ങൾ, 500 പേർക്കുള്ള ഡൈനിങ് ഹാൾ എന്നിവയും ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.കെട്ടിടം പൊളിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പുതിയ കോംപ്ലക്സിന്റെ നിർമാണം അനിശ്ചിതത്വത്തിലാണ്. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനിൽ (കെയുആർഡിഎഫ്സി) നിന്ന് 49 കോടി രൂപ വായ്പ എടുക്കാൻ സർക്കാർ അനുമതിയായിട്ടുണ്ടെങ്കിലും നിർമാണം എന്നു തുടങ്ങുമെന്ന് വ്യക്തതയില്ല.
Source link
