Site icon onlinekeralanews.com

ആലുവയിൽ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ചു; 39 യാത്രക്കാർക്ക് പരുക്ക്


കൊച്ചി ∙ ആലുവയ്ക്ക് സമീപം എടത്തലയിൽ സ്വകാര്യ ബസും മണ്ണുകയറ്റിയ ട്രക്കും കൂട്ടിയിടിച്ച് 39 യാത്രക്കാർക്ക് പരിക്ക്. ഇന്നുച്ചയ്ക്ക് 2.30ഓടെ ആലുവ-കിഴക്കമ്പലം റോഡിലെ എട്ടേക്കർ പള്ളിക്ക് സമീപമുള്ള വളവിലായിരുന്നു അപകടം. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.അപകടസമയത്ത് ബസിൽ നാൽപ്പതിലധികം യാത്രക്കാരുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തി പുറത്തെത്തിച്ചത്. പിന്നാലെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പരിക്കേറ്റ 39 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജഗിരി ആശുപത്രിയിൽ 31 പേരും സമരിറ്റൻ ആശുപത്രിയിൽ 5 പേരും കാർമൽ ആശുപത്രിയില്‍ 2 പേരും കളമശേരി മെഡിക്കൽ കോളേജിൽ ഒരാളുമാണ് ചികിത്സയിൽ കഴിയുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കൈകാലുകൾക്ക് ഒടിവുണ്ടായ ബസ് ഡ്രൈവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 


Source link
Exit mobile version