Site icon onlinekeralanews.com

‘ഗേൾ ഡാഡ്’; സന്തോഷവിവരം പങ്കുവച്ചതിനു പിന്നാലെ സൂര്യയെ തേടിയെത്തിയത് ഒരു നിരാശവാർത്ത; ഗില്ലും തെറിക്കും?


മുംബൈ ∙ പെൺകുട്ടിയുടെ അച്ഛനായതിന്റെ സന്തോഷം പങ്കുവച്ചതിനു പിന്നാലെ ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുംബൈ താരവുമായ സൂര്യകുമാർ യാദവിന് ആശംസാപ്രവാഹം. ബോളിവുഡ് താരം രൺവീർ സിങ്, മുംബൈ ഇന്ത്യൻസ് സഹതാരം ദീപക് ചാഹർ, മുംബൈ ഇന്ത്യൻസ് ടീം തുടങ്ങിയവർ താരത്തിന് ആശംസ അറിയിച്ചവരിലുണ്ട്. വ്യാഴാഴ്ച ഒരു സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് സൂര്യകുമാറും ഭാര്യ ദേവിഷ ഷെട്ടിയും തങ്ങൾ മാതാപിതാക്കളായ വിവരം പങ്കുവച്ചത്. ‘ഗേൾ ഡാഡ്’ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് രൺവീർ സിങ്, സൂര്യകുമാറിന് ആശംസ അറിയിച്ചത്. ∙ നിരാശവാർത്ത അതേസമയം, പെൺകുഞ്ഞിന്റെ അച്ഛനായതിന്റെ സന്തോഷവാർത്തയ്ക്കു പിന്നാലെ ഒരു നിരാശവാർത്തയും സൂര്യകുമാറിനെ തേടിയെത്തി. ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ നീക്കുമെന്നാണ് വെള്ളിയാഴ്ച പുറത്തുവന്ന അഭ്യൂഹം. ഐപിഎലിലെ സ്ഥിരതയാർന്ന പ്രകടനത്തിന് പകരമായി ശ്രേയസ് അയ്യരെ ട്വന്റി20 ടീമിലേക്ക് തിരികെ കൊണ്ടുവരാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. സൂര്യകുമാർ യാദവ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, അയ്യർക്ക് ടീമിന്റെ നായകസ്ഥാനം നൽകാനും സാധ്യതയുണ്ടെന്നാണ് വിവരം. ഐപിഎലിനു ശേഷം ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. ജൂണിൽ അയർലൻഡിനെതിരെയും ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ ട്വന്റി20 പരമ്പരകൾ കളിക്കുന്നുണ്ട്.∙ ഏകദിനത്തിലും അയ്യർ? വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരു ക്യാപ്റ്റൻ എന്ന നയം സ്വീകരിക്കാനും ബിസിസിഐ ആലോചിക്കുന്നതായി സൂചനയുണ്ട്. അങ്ങനെയെങ്കിൽ ശുഭ്മൻ ഗില്ലിനു പകരം ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ശ്രേയസ്സ് അയ്യർ ഏറ്റെടുക്കും. നിലവിൽ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. ‘‘പുതിയ ട്വന്റി20 ടീമിനെ പ്രഖ്യാപിക്കുമ്പോൾ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ട്വന്റി20, ഏകദിന ടീമുകളെ ഒരാൾ തന്നെ നയിക്കുന്ന രീതിയിലേക്കാണ് ഞങ്ങൾ നോക്കുന്നത്. യുവ പ്രതിഭകളെ കണ്ടെത്തുന്നതിനൊപ്പം പരിചയസമ്പന്നരായ കളിക്കാർക്ക് അവസരം നൽകാനും ബിസിസിഐ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രേയസ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്; അദ്ദേഹത്തിന്റെ പരുക്കുകൾ നിർഭാഗ്യകരമായിരുന്നു.’’– ഒരു ബിസിസിഐവൃത്തം എൻഡിടിവിയോടു പറഞ്ഞു.


Source link
Exit mobile version