തിരഞ്ഞെടുപ്പ് ഗോദയിൽ പരാജയം എന്തെന്ന് അറിയാത്ത നേതാവ്; ഒടുവിൽ ആദ്യ പരാജയം ഏറ്റുവാങ്ങി ഒ.ആർ.കേളു

മാനന്തവാടി ∙ തിരഞ്ഞെടുപ്പ് ഗോദയിൽ പരാജയം എന്തെന്ന് അറിയാത്ത നേതാവായിരുന്നു ഒ.ആർ.കേളു. തിരുനെല്ലി പഞ്ചായത്ത് അംഗമായും പഞ്ചായത്ത് പ്രസിഡന്റായും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച ശേഷമാണ് ഒ.ആർ.കേളു നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് വരെ പരാജയം അറിയാത്ത പി.കെ.ജയലക്ഷ്മി മന്ത്രിയായിരിക്കെയാണ് 2016ലെ തിരഞ്ഞെടുപ്പിൽ ഒ.ആർ.കേളുവിനോട് പരാജയപ്പെട്ടത്. 2021ലും പി.കെ.ജയലക്ഷ്മി തന്നെയായിരുന്നു എതിരാളി. ഭൂരിപക്ഷം വർധിപ്പിച്ചാണ് പി.കെ.ജയലക്ഷ്മിയെ ഒ.ആർ.കേളു രണ്ടാം വട്ടം പരാജയപ്പെടുത്തിയത്. രണ്ടാമൂഴത്തിന്റെ അവസാനം മന്ത്രിയാകാൻ അവസരം ലഭിച്ച ഒ.ആർ.കേളു വികസന നേട്ടങ്ങൾ എണ്ണി എണ്ണി പറഞ്ഞാണ് വോട്ട് തേടിയത്. എങ്കിലും സിപിഎമ്മിലും ഇടത് മുന്നണിയിലും കാലങ്ങളായി തുടരുന്ന വിഭാഗീയത പരാജയ കാരണങ്ങളിൽ ഉൾപ്പെടുമെന്ന് വാദിക്കുന്നവരും ഉണ്ട്. ജനകീയതയും സ്വീകാര്യതയും ഉള്ള സ്ഥാനാർഥിയെ ലഭിക്കുകയും മന്ത്രി എന്ന നിലയിൽ ഉണ്ടാക്കിയ വികസന നേട്ടങ്ങളും ഉണ്ടായിട്ടും പതിനായിരത്തിലേറെ വോട്ടുകൾക്ക് നേരിട്ട പരാജയം പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. വോട്ടെടുപ്പിന്റെ തലേന്ന് തന്നെ ബ്ലോക്ക് പ‍്ചായത്ത് ഓഫിസ് സമുച്ചയത്തിലെ മന്ത്രി ഓഫിസിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും ഫർണിച്ചറുകൾ നീക്കുകയും ചെയ്തിരുന്നു.
Source link
