വിജയ്ക്ക് കൈ കൊടുക്കുമോ കോൺഗ്രസ്? യുവാക്കളുടെ ശബ്ദമെന്ന് രാഹുൽ ഗാന്ധി; ഇടതുപാർട്ടികളുടെ പിന്തുണയും തേടും

ചെന്നൈ ∙ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിൽ. കേവല ഭൂരിപക്ഷത്തിന് 11 എംഎൽഎമാരുടെ പിന്തുണ കൂടി വിജയ്‌യുടെ പാർട്ടിക്ക് ആവശ്യമാണ്. ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഒരു സഖ്യസർക്കാർ ഉറപ്പായിരിക്കുകയാണ്. ഇന്നലെ വിജയ്‌യെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് അഭിനന്ദിച്ചതോടെ കോൺഗ്രസ് ടിവികെ പക്ഷത്തേക്ക് മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. തമിഴ്‌നാട്ടിലെ യുവാക്കളുടെ ശബ്ദമാണ് ഈ വിജയത്തിലൂടെ പ്രതിഫലിച്ചതെന്ന് രാഹുൽ ഗാന്ധി ഫോണിലൂടെ പറഞ്ഞു. ഡിഎംകെ സഖ്യകക്ഷികളായ വിസികെ (2), സിപിഐ (2), സിപിഎം (2), ഐയുഎംഎൽ (2) എന്നിവരുടെ പിന്തുണയും ടിവികെ തേടുന്നുണ്ട്. എന്നാൽ തങ്ങൾക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഇടത് പാർട്ടികൾ പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെയും സാഹചര്യം നിരീക്ഷിക്കുകയാണ്. അതേസമയം, എഐഎഡിഎംകെയിൽ പിളർപ്പുണ്ടാക്കി ബിജെപി വിജയ്‌യെ പിന്തുണച്ചേക്കുമെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ പടരുന്നുണ്ട്.
Source link
