Site icon onlinekeralanews.com

തീപ്പൊരിയായി വിമതർ, കണ്ണൂരിൽ പാർട്ടി കോട്ടകൾ‍ ഇളകി; കനലൊളി മങ്ങി


കോട്ടയം∙ സിപിഎമ്മിന്റെ അവസാന കനൽത്തരിയും അണഞ്ഞു. 59 വർഷത്തിനുശേഷം ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത പാർട്ടിയായി സിപിഎം. അതിനൊപ്പം ചേർത്തു വയ്ക്കേണ്ട വലിയ തിരിച്ചടിയായി പാർട്ടിയുടെ ശക്തി കേന്ദ്രമായ, പാർട്ടി രൂപീകരിക്കപ്പെട്ട കണ്ണൂരിലെ തകർച്ച.നേതാക്കൾ തമ്മിലെ ഭിന്നത, അതുവഴിയുണ്ടായ ആരോപണങ്ങൾ, അണികൾക്കിടയിൽ വ്യാപകമായ അവിശ്വാസം ഇതെല്ലാം കണ്ണൂരെന്ന കോട്ടയെ ഉലച്ചു. പ്രഥമദൃഷ്ട്യാ ഒരുമിച്ചാണെങ്കിലും കണ്ണൂരിലെ സിപിഎം നേതാക്കളിൽ പലരും വ്യക്തിപരമായി അകൽച്ചയിലാണെന്നത് പരസ്യമാണ്. നേതാക്കളുടെ നിലപാടുകൾക്ക് അനുസരിച്ച് ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളും അടിക്കടി മാറി. നേതാക്കളായ പി.ജയരാജനും ഇ.പി.ജയരാജനും മുഖ്യമന്ത്രിയുമായി അകന്നു. എം.വി.ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെ ഈ അകൽച്ച വർധിച്ചു. അണികളെയും നേതൃത്വത്തെയും കൂട്ടിയിണക്കുന്ന കോടിയേരിയെന്ന നേതാവിന്റെ അഭാവം പ്രവർത്തനങ്ങളെ ബാധിച്ചു. തിരുത്തേണ്ട മുഖ്യമന്ത്രി ചില പക്ഷങ്ങളുടെ ഭാഗമായെന്ന് ചിന്തിക്കുന്നവർ നേതൃത്വത്തിലുണ്ട്.പയ്യന്നൂരിനെ വിവാദ കേന്ദ്രമാക്കിയത് രക്തസാക്ഷി ഫണ്ട് വിവാദമാണ്. ടി.ഐ.മധുസൂദനനെതിരെയായിരുന്നു സിപിഎം മുൻ നേതാവ് കുഞ്ഞിക്കൃഷ്ണന്റെ ആരോപണം. തെളിവുകളും പുറത്തുവിട്ടു. പാർട്ടി നേതൃത്വം മധുസൂദനനൊപ്പമായിരുന്നു. സംഘടനാ സംവിധാനത്തിലുള്ള വിശ്വാസം അവിടെയും പിഴച്ചു. പാർട്ടി അനുഭാവികളും നേതൃത്വത്തിലെ പലരും കുഞ്ഞിക്കൃഷ്ണനെ പിന്തുണച്ചു എന്നാണ് ഫലം തെളിയിക്കുന്നത്. പാർട്ടിയെ വെല്ലുവിളിച്ച് മത്സരിച്ച രണ്ടുപേർ കണ്ണൂരിൽ ജയിക്കുന്നത് ഇതാദ്യം. സ്വന്തം ജില്ലയിലെ തിരിച്ചടിക്ക് മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിയിലേക്കും പാർട്ടി സെക്രട്ടറിയിലേക്കും എത്തുകയാണ്. പാർട്ടിയിലെ അധികാര കേന്ദ്രങ്ങളിലും ഈ തോൽവി മാറ്റമുണ്ടാക്കാം.


Source link
Exit mobile version