test del 3

ഫോണ്‍ വിളി വിവാദം: ഫോൺ ഹാജരാക്കാതെ അൻവർ, മുൻ എസ്‍പി സുജിത് ദാസിന് ക്ലീൻ ചിറ്റ്


തിരുവനന്തപുരം∙ നിലമ്പൂര്‍ എംഎല്‍എ ആയിരിക്കെ പി.വി. അന്‍വര്‍ നടത്തിയ ഫോണ്‍ വിളി വിവാദത്തില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതി ക്ലീന്‍ ചിറ്റ് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണം. കേസുമായി ബന്ധപ്പെട്ട് സമിതിക്ക് മുന്‍പാകെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പി.വി.അന്‍വര്‍ പരാജയപ്പെട്ടതാണ് സുജിത് ദാസിന് അനുകൂലമായത്. പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്റേതല്ലെന്നും വ്യാജമായി നിര്‍മിച്ചതാണെന്നുമുള്ള സുജിത് ദാസിന്റെ വാദം സമിതി അംഗീകരിച്ചു. ഫോണ്‍ സംഭാഷണം പുറത്തുവിട്ട പി.വി. അന്‍വര്‍ അന്വേഷണ സമിതിക്ക് മുന്‍പാകെ മൊഴി നല്‍കാന്‍ ഹാജരായില്ല. കൂടാതെ, വിവാദമായ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ ഹാജരാക്കാനും പരാതിക്കാരന്‍ തയാറായില്ല. പ്രാഥമിക തെളിവുകളുടെ അഭാവത്തില്‍ സുജിത് ദാസിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണന് എതിരെയുള്ള അന്വേഷണവും സര്‍ക്കാര്‍ അവസാനിപ്പിച്ചു. ശാസനയില്‍ നടപടികള്‍ ഒതുക്കി ലക്ഷ്മണിന് എഡിജിപിയായി ഉടന്‍ സ്ഥാനക്കയറ്റം നല്‍കുമെന്നാണു സൂചന. ആളുകളുമായി ഇടപഴകുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും ഇനി ആവര്‍ത്തിക്കരുതെന്നും കര്‍ശനമായ ശാസന നല്‍കിയാണ് വകുപ്പുതല നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ലക്ഷ്മണിനെ ഒരു വര്‍ഷത്തോളം സസ്‌പെന്‍ഡ് ചെയ്തിരുന്നു. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ്‍ തെലങ്കാന സ്വദേശിയാണ്. മോന്‍സന്റെ ഇടപാടുകളില്‍ ലക്ഷ്മണ്‍ നേരിട്ടു പങ്കാളിയായതോടെയാണു കേസില്‍ പ്രതിയായത്. ഗള്‍ഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കള്‍ വിറ്റതിനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി മോന്‍സന്‍ പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിന്‍വലിക്കാനുള്ള തടസ്സം മാറ്റാനായി പലപ്പോഴായി 10 കോടി രൂപ വാങ്ങിയെന്നാണു പരാതി. മോന്‍സനുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നു 2021 നവംബറില്‍ ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തു. 2023 ഫെബ്രുവരിയില്‍ തിരിച്ചെടുത്തു. സെപ്റ്റംബറില്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു.


Source link

Back to top button