ഒരൊറ്റ ഫോണ്‍ കോളിൽ ‘മാർക്കോ’യുടെ അവകാശം വിട്ടുനൽകിയ ആന്റോ ചേട്ടൻ: ഉണ്ണി മുകുന്ദൻ തുറന്നു പറയുന്നു

നടൻ ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ മാസ്സ് ഹിറ്റുകളിലൊന്നായ ‘മാർക്കോ’യുടെ വിജയത്തിന് പിന്നിലെ അണിയറക്കഥകൾ വെളിപ്പെടുത്തി താരം. നിർമാതാവ് ആന്റോ ജോസഫിന്റെ പുതിയ ചിത്രമായ ‘പേട്രിയറ്റിന്’ ആശംസകൾ നേർന്നു പങ്കുവെച്ച കുറിപ്പിലാണ്, ‘മാർക്കോ’ എന്ന സിനിമ യാഥാർഥ്യമാക്കാൻ അദ്ദേഹം നൽകിയ വലിയ പിന്തുണയെക്കുറിച്ച് ഉണ്ണി മുകുന്ദൻ വികാരാധീനനായത്. ഒരു സാധാരണ ഫോൺ കോളിലൂടെയുള്ള അഭ്യർഥന മാനിച്ചുകൊണ്ട് വലിയൊരു സിനിമയുടെ അവകാശം വിട്ടുനൽകിയ ആന്റോ ജോസഫിന്റെ നിലപാടാണ് കുറിപ്പിലെ പ്രധാന ആകർഷണം. ‘‘എന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ സമ്മാനിച്ച നിർമാതാവിന് എല്ലാവിധ ആശംസകളും നേരുന്നു. ഞാൻ എന്നും നെഞ്ചിലേറ്റിയ സ്വപ്നങ്ങളിലേക്ക് വഴിതുറന്ന സിനിമകളായിരുന്നു അവ. സിനിമയ്ക്കായി തന്റെ സർവവും വീണ്ടും നിക്ഷേപിക്കുന്ന ആന്റോ ചേട്ടന് എല്ലാ നന്മകളും നേരുന്നു. സിനിമയിലെ സുഹൃത്തുക്കളിൽ നിന്നും കേട്ടറിഞ്ഞത് ‘പേട്രിയറ്റ്’ ഒരു വിസ്മയിപ്പിക്കുന്ന സിനിമാനുഭവമാണെന്നാണ്. സൂപ്പർതാരങ്ങളും മുൻനിര സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ഈ ചിത്രം, അതിന്റെ ക്രാഫ്റ്റിന് മാത്രമല്ല, ആന്റോ ചേട്ടൻ എന്ന മനുഷ്യന് വേണ്ടിക്കൂടി വലിയ വിജയം അർഹിക്കുന്നുണ്ട്.നിങ്ങളുടെ ആ വലിയ മനസ്സ് ഇല്ലായിരുന്നെങ്കിൽ ‘മാർക്കോ’ എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല. ആ സിനിമയുടെ വമ്പിച്ച വിജയത്തിൽ നിന്ന് ഒരു പൈസ പോലും നിങ്ങൾ പ്രതിഫലമായി വാങ്ങിയില്ല എന്ന വസ്തുത കൂടി ഇവിടെ അടിവരയിടുന്നു. നിങ്ങൾ എപ്പോഴും വിജയിക്കണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കാനുള്ള യഥാർത്ഥ കാരണവും ഇതുതന്നെയാണ്.
Source link
