Site icon onlinekeralanews.com

‘താൻ വിവാഹം കഴിക്കാൻ റെജി സമ്മതിച്ചില്ല; തർക്കത്തിനിടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി: മേരിയെ മർദിച്ച് എടുത്തെറിഞ്ഞു’


നെടുങ്കണ്ടം ∙ അമ്മയുടെയും മൂത്ത മകന്റെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇളയ മകൻ അറസ്റ്റിൽ. ഇരുവരെയും കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയത് ഇളയ മകനാണെന്നു പൊലീസ് പറഞ്ഞു. തോട്ടുവാക്കട പൊന്നൂട്ടിൽ‌ മേരി (71), മകൻ റെജി (54) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ മേരിയുടെ ഇളയമകൻ സജി (43) ആണ് അറസ്റ്റിലായത്. മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ടെത്തിയതിനു പിന്നാലെ സജിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ ഒളിച്ചുകഴിയുകയായിരുന്നു സജി, താൻ പിടിക്കപ്പെടുമെന്നുറപ്പായതോടെ ഇന്നലെ ഉച്ചയ്ക്ക് 12നു കീഴടങ്ങുകയായിരുന്നു. തോട്ടുവാക്കട കവലയിലെ കടയിലെത്തിയ സജി തനിക്കു തെറ്റുപറ്റിയെന്നു കടയിലെ ജീവനക്കാരിയോടു പറഞ്ഞു. സമീപത്തുണ്ടായിരുന്ന പൊലീസ് ഉടൻ സജിയെ പിടികൂടി.ഈ ദിവസങ്ങളിലെല്ലാം സജി ജോലിക്കും പോയിരുന്നു. ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്നു സജി സമ്മതിച്ചിട്ടുണ്ടെങ്കിലും എന്നാണു കൊലപാതകം നടത്തിയെന്നതു വ്യക്തമാക്കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഏപ്രിൽ ആദ്യയാഴ്ച സംഭവം നടന്നതായാണു പൊലീസിനു ലഭിച്ച സൂചന. ഇന്നലെ വൈകിട്ടു സജിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നു കോടതിയിൽ ഹാജരാക്കും. സജി കുറ്റം സമ്മതിച്ചതിനു പിന്നാലെ മേരിയുടെയും റെജിയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. ഇന്നലെ വൈകിട്ടു മൂന്നോടെ സംസ്കാരം നടത്തി. മേരിയുടെ ഭർത്താവ് പൊന്നൂട്ടിൽ മാത്യു 8 വർഷം മുൻപു കാണാതായ കേസിൽ പുനരന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.


Source link
Exit mobile version