മീൻപിടിത്തത്തിൽനിന്ന് വള്ളക്കാർ ‘ഔട്ട്’: സബ്സിഡി മണ്ണെണ്ണ ലീറ്ററിന് 53 രൂപ കൂട്ടി, ഒരു ബോട്ടിന് ദിവസം കുറഞ്ഞത് 70 ലീറ്റർ മണ്ണെണ്ണ വേണം

ബേപ്പൂർ ∙ സബ്സിഡി മണ്ണെണ്ണ വിതരണം ഭാഗികമായതോടെ പരമ്പരാഗത മത്സ്യബന്ധനമേഖല കടുത്ത പ്രതിസന്ധിയിൽ. കുറച്ചെങ്കിലും കിട്ടിക്കൊണ്ടിരുന്ന മണ്ണെണ്ണ വിതരണം തടസ്സപ്പെട്ടതോടെ കടലിൽ പോകാനാകാതെ പ്രയാസപ്പെടുകയാണ് തൊഴിലാളികൾ. കൊടുംചൂടിനെ തുടർന്നുള്ള മത്സ്യക്ഷാമം മൂലം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളെ ഇതു കടക്കെണിയിലേക്കു തള്ളിവിടുന്നു.പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഔട്ട് ബോർഡ് എൻജിനുകൾക്കു ഫിഷറീസ് വകുപ്പ് അനുവദിച്ച പെർമിറ്റ് പ്രകാരം സിവിൽ സപ്ലൈ വകുപ്പ് മുഖേനയാണ് സബ്സിഡി മണ്ണെണ്ണ വിതരണം. ലീറ്ററിന് 103 രൂപയ്ക്കു നൽകിയിരുന്ന മണ്ണെണ്ണവില രണ്ടാഴ്ച മുൻപ് ഒറ്റയടിക്ക് 53 രൂപ കൂട്ടി. ഇപ്പോൾ ലീറ്ററിന് 156 രൂപയായി വില. ഒരു ഔട്ട് ബോർഡ് എൻജിൻ വള്ളം കടലിൽ പോകാൻ ദിവസം കുറഞ്ഞത് 70 ലീറ്റർ മണ്ണെണ്ണ വേണം.ഫിഷറീസ് വകുപ്പിന്റെ അലംഭാവം മൂലമാണ് മത്സ്യമേഖല കരിഞ്ചന്തയെ ആശ്രയിക്കേണ്ടി വരുന്നതെന്നു കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. മത്സ്യമേഖലയിൽ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെയും ഡീസലിന്റെയും ജിഎസ്ടി പിൻവലിച്ച് പരമ്പരാഗത തൊഴിൽ മേഖല സംരക്ഷിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിലും ജനറൽ സെക്രട്ടറി എം.പി.അബ്ദുൽ റാസികും പറഞ്ഞു.
Source link
