ജഡേജയ്ക്കും ബിഷ്ണോയിക്കും ഒരോവർ മാത്രം, ഇതെന്ത് ക്യാപ്റ്റൻസി? എല്ലാം നഷ്ടമാകും മുൻപ് ചിന്തിക്കണം; രാജസ്ഥാന് മുന്നറിയിപ്പ്

ജയ്പൂർ∙ ഇന്ത്യന്‍ പ്രീമിയർ ലീഗിലെ മൂന്നാം തോൽവി വഴങ്ങിയതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഒൻപതു പന്തുകൾ നേരിട്ട രാജസ്ഥാൻ ക്യാപ്റ്റൻ ഏഴു റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസ് എറിഞ്ഞ 17–ാം ഓവറിൽ താരം ബോൾഡാകുകയായിരുന്നു. സീസൺ കയ്യിൽനിന്നു പോകുന്നതിനു മുന്‍പ് ക്യാപ്റ്റൻസിയുടെ കാര്യത്തിൽ രാജസ്ഥാൻ ഫ്രാഞ്ചൈസി ഒരിക്കൽകൂടി ചിന്തിക്കണമെന്ന് സേവാഗ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.കൗമാരതാരമായ വൈഭവ് സൂര്യവംശിയെ അമിതമായി ആശ്രയിക്കുന്നതിനു പകരം റിയാൻ പരാഗ് ബാറ്റിങ്ങിൽ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും സേവാഗ് ആവശ്യപ്പെട്ടു. ‘‘ഒരു ക്യാപ്റ്റനെന്ന നിലയിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിൽ അത് എന്റെ ക്യാപ്റ്റൻസിയെയും ബാധിക്കും. ഞാൻ എന്റെ റൺസിനെക്കുറിച്ച് ആലോചിക്കും. വൈഭവ് സൂര്യവംശി 36 പന്തുകളിൽ സെഞ്ചറി നേടുന്നു. സീനിയറായിട്ടും എനിക്ക് റൺസ് കണ്ടെത്താൻ സാധിക്കുന്നില്ല. അത് എന്റെ പ്രകടനത്തെ ബാധിക്കും.’’– സേവാഗ് പ്രതികരിച്ചു.
Source link
