Site icon onlinekeralanews.com

കേരളം പാമ്പുകടി ഭീതിയിൽ; കഴിഞ്ഞ 10 വര്‍ഷത്തിനിടെ കടിയേറ്റു മരിച്ചത് 660 പേർ, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ


തിരുവനന്തപുരം ∙ തൃശൂരിലെ കോടാലിയില്‍ പാമ്പുകടിയേറ്റു മരിച്ച എട്ടുവയസ്സുകാരന്‍ അല്‍ജോയുടെ വീട്ടില്‍നിന്നു ദിവസങ്ങള്‍ക്കു ശേഷവും വെള്ളിക്കെട്ടന്‍ ഇനത്തില്‍പെട്ട പാമ്പുകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ആ വീട്ടിലോ പരിസരത്തോ മുട്ടയില്‍നിന്നു പുറത്തുവന്ന പാമ്പിന്‍കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ഉണ്ടെന്ന കടുത്ത ആശങ്കയിലാണു വീട്ടുകാരും നാട്ടുകാരും.ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഇണകളെ തേടി വിഷപ്പാമ്പുകള്‍ ഉള്‍പ്പെടെ പുറത്തിറങ്ങുന്നത്. ഇണകളെ ആകര്‍ഷിക്കാന്‍ പുറപ്പെടുവിക്കുന്ന ഫെറോമോണ്‍ പിന്തുടര്‍ന്നാണ് ഇവയുടെ സഞ്ചാരം. ഇണചേരലിനു ശേഷം ഒരുതവണ 30 കുഞ്ഞുങ്ങള്‍ വരെയാണ് ഉണ്ടാകുന്നത്. ചൂടുകൂടുന്ന മാസങ്ങളിൽ പാമ്പുകള്‍ കൂടുതലായി പുറത്തിറങ്ങും. മുട്ട വിരിയുന്ന സമയവും ഇതാണ്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ സുരക്ഷിതസ്ഥലം തേടും. അങ്ങനെയാണ് വീടുകളിലും മറ്റുമുള്ള തണുപ്പുള്ളിടത്ത് എത്തുന്നത്. പ്രജനനകാലം കഴിഞ്ഞ് പാമ്പിന്‍കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും വളര്‍ച്ചയെത്തിയ പാമ്പുകള്‍ പരമാവധി മനുഷ്യസാന്നിധ്യം ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ മൂര്‍ഖന്റെ ഉള്‍പ്പെടെ കുഞ്ഞുങ്ങള്‍ യാതൊരു ഭയവും കൂടാതെയാണ് ആഹാരവും വിശ്രമസ്ഥലവും തേടി വീടുകളിലേക്കുള്‍പ്പെടെ എത്തുന്നത്.കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് 660 പേരാണു മരിച്ചത്. 2016-17ല്‍ 119 പേരാണ് മരിച്ചതെങ്കില്‍ 2025-26 ആയപ്പോഴേക്കും അതു 18 ആയി കുറഞ്ഞിരുന്നു. 2022ല്‍ സംസ്ഥാനത്ത് 97 പേര്‍ക്കു കടിയേറ്റുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 2023ല്‍ ഇത് 1346 ആയും 2024ല്‍ 2532 ആയും വര്‍ധിച്ചു.


Source link
Exit mobile version