Site icon onlinekeralanews.com

മലപ്പുറത്തെ പല ഹോട്ടലുകളിലും പൊറോട്ട കിട്ടാനില്ല; കാരണമെന്താ? ബംഗാളിൽ തിരഞ്ഞെടുപ്പാണ്


മലപ്പുറം ∙ ജില്ലയിലെ പല ഹോട്ടലുകളിലും പൊറോട്ട കിട്ടാനില്ല. കാരണമെന്താ?. ബംഗാളിൽ തിരഞ്ഞെടുപ്പാണ്. വംഗനാട്ടിലെ തിരഞ്ഞെടുപ്പും മലപ്പുറത്തെ ദേശീയ ഭക്ഷണമായ പൊറോട്ടയും തമ്മിലെന്താണു ബന്ധം. ജില്ലയിലെ പല ഹോട്ടലുകളിലും പൊറോട്ട അടിക്കുന്നവർ ബംഗാളികളായിരുന്നു. തിരഞ്ഞെടുപ്പു പ്രമാണിച്ച് അവർ കൂട്ടത്തോടെ നാട്ടിലേക്കു പോയതാണ് പൊറോട്ട ലഭ്യത പ്രതിസന്ധിയിലാക്കിയത്. പാചക വാതക സിലിണ്ടർ ക്ഷാമം ഹോട്ടലുകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇരട്ട പ്രഹരമായി ബംഗാളികളുടെ കൊഴിഞ്ഞു പോക്ക്. അടുത്ത മാസം ആദ്യത്തോടെ തൊഴിലാളികൾ തിരിച്ചെത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.എച്ച്.അബ്ദുസ്സമദ് പറഞ്ഞു. അസമിൽ കേരളത്തിനൊപ്പം ഈ മാസം 9നായിരുന്നു തിരഞ്ഞെടുപ്പ്. അസമിലേക്കു പോയ തൊഴിലാളികളിൽ ഒരു വിഭാഗം തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന അസം സ്വദേശികൾ കുറവാണ്. ബംഗാളിൽ ഇന്നലെ ഒന്നാം ഘട്ടം കഴിഞ്ഞു. രണ്ടാംഘട്ടം ഈ മാസം 29നാണ്. അടുത്ത മാസം തുടക്കത്തോടെ ഒരു വിഭാഗം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഹോട്ടൽ ഉടമകൾ. എന്നാൽ,നാട്ടിൽ പോയവരിൽ ചിലർ ബലി പെരുന്നാൾ കൂടി കഴിഞ്ഞ ശേഷമായിരിക്കും തിരിച്ചെത്തുക. അതിനാൽ, ഹോട്ടൽ മേഖല പൂർവസ്ഥിതിയിലാകണമെങ്കിൽ ബലി പെരുന്നാൾ കഴിയേണ്ടി വരും.


Source link
Exit mobile version