ആ കണ്ണുകളടഞ്ഞു, സവിശേഷമായ നോട്ടവും; മനുഷ്യനിരീക്ഷകനായ ഡെസ്മണ്ട് മോറിസ് വിടപറയുമ്പോൾ

ഡെഡ്മണ്ട് മോറിസിന്റെ കണ്ണുകളടയുമ്പോൾ ലോകത്തിലെ സവിശേഷമായൊരു നോട്ടമാണ് അവസാനിക്കുന്നത്. ജീവലോകത്തിനെ നോക്കിപ്പഠിച്ച് അതിന്റെ പാഠങ്ങൾ പുസ്തകങ്ങളായും ടിവി ഷോകളായും ലോകത്തിനു നൽകുകയാണ് ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറിസ് (98) ചെയ്തിരുന്നത്, എഴുപതോളം വർഷം. അതിനിടയിൽ ചിത്രങ്ങൾ വരച്ചു; മനുഷ്യർക്കു മാത്രമല്ല കലാബോധമുള്ളതെന്ന് ചിംപാൻസികളെക്കൊണ്ടു ചിത്രം വരപ്പിച്ച് തെളിയിച്ചു. പക്ഷിനിരീക്ഷകനെന്ന വിളിപോലെ, മനുഷ്യനിരീക്ഷകൻ എന്നാണ് ഡെസ്മണ്ട് സ്വയം വിളിച്ചത്. മനുഷ്യ സ്വഭാവങ്ങളുടേതായ പുസ്തകം ‘നഗ്ന വാനരൻ’1967ൽ പുറത്തുവന്നതു മുതൽ ഡെസ്മണ്ട് ലോകപ്രസിദ്ധനായി. നാലാഴ്ചകൊണ്ടു തയാറാക്കിയ പുസ്തകം ലോകമാകെ ബെസ്റ്റ്സെല്ലറായപ്പോൾ ഡെസ്മണ്ട് സമ്പന്നനായി. അക്കാലത്ത് ഡെസ്മണ്ട് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കണ്ടെംപററി ആർട്സിന്റെ ഡയറക്ടറാണ്. ലണ്ടനിലെ കാഴ്ചബംഗ്ളാവിൽ ക്യുറേറ്ററായും പ്രവർത്തിച്ചു. കത്തോലിക്കാ സഭയുടെ നിരോധിത പട്ടികയിലുൾപ്പെട്ട ‘നഗ്നവാനരൻ’ മാൾട്ടയിലും നിരോധിതമായിരുന്നു! മനുഷ്യനെ മൃഗമെന്നു വിളിക്കുന്നതും പരിണാമ സിദ്ധാന്തത്തെ പിന്തുണയ്ക്കും മനുഷ്യരുടെ ലൈംഗിക രീതികളെക്കുറിച്ച് വിശദമായി പറയുന്നതുമായ പുസ്തകം മൂന്നുവട്ടം കത്തിക്കേണ്ടതാണല്ലോയെന്ന് ഡെസ്മണ്ട് ആശ്വസിച്ചു!
Source link
