തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചു; വീണ്ടും പുതിയ പാർട്ടി രൂപീകരിക്കാൻ അൻവർ

മലപ്പുറം ∙ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി.വി. അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചതായി അദ്ദേഹം പറഞ്ഞു. ഉടന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. രാഹുൽ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പാര്‍ട്ടി. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാന പാര്‍ട്ടി ഫാഷിസത്തെയും പിണറായിസത്തെയും ഒരു പോലെ എതിര്‍ക്കും. മേയ് പകുതിക്കകം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംവിധാനം വരുമെന്നും അൻവർ പറഞ്ഞു.ബേപ്പൂരില്‍ നടന്ന മത്സരത്തില്‍ ദേശീയ തലത്തില്‍ നിന്ന് ഒരു നേതാവിനെ അയച്ചു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ പറ്റില്ല എന്ന് അവര്‍ പറഞ്ഞു. ബംഗാളില്‍ അത് രാഷ്ട്രീയപരമായി ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് പറഞ്ഞത്. ഈ നിലപാടുമായി മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് മനസിലാക്കിയാണ് തൃണമൂലുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. കേരളത്തിനു പ്രത്യേക പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് രൂപീകരിക്കുക. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിയില്‍ പ്രമേയം പാസാക്കി’’ – അൻവർ പറഞ്ഞു.
Source link
