Site icon onlinekeralanews.com

ഇന്ത്യയുടെ 30,000 ടൺ ‘ഡീസൽ സഹായം’ ചെന്നിട്ടും രക്ഷയില്ല, ഇന്ധനവില കുത്തനെ കൂട്ടി ബംഗ്ലദേശ്, ഇന്ത്യ ‘കനിഞ്ഞില്ലെങ്കിൽ’ പ്രതിസന്ധി കനക്കും


ഇന്ത്യയിൽ നിന്ന് വൻ തോതിൽ ഡീസൽ ഇറക്കുമതി ചെയ്തിട്ടും ബംഗ്ലദേശിലെ ഇന്ധന പ്രതിസന്ധിയ്ക്ക് പരിഹാരമായില്ല. രാജ്യത്തെ പെട്രോൾ, ഡീസൽ വില ഇന്ന് മുതൽ വർധിപ്പിച്ചു. പുതിയ വില അനുസരിച്ച് പെട്രോളിന് 116 ഢാക്കയിൽ നിന്ന് 135 ഢാക്കയായി (ഏകദേശം 101.58 രൂപ). ഡീസൽ വില 115 ഢാക്കയും മണ്ണെണ്ണയ്ക്ക് 130 ഢാക്കയുമാണ്. ബംഗ്ലദേശിലെ പുതിയ വിലനിർണയ സംവിധാനം അനുസരിച്ച് മാസത്തിന്റെ മധ്യത്തിൽ വില കൂടുന്നത് അപൂർവമാണ്. അതിനിടെ, ഇന്ത്യയിൽ നിന്നുള്ള 5,000 ടൺ ഡീസൽ ബംഗ്ലദേശിന് കഴിഞ്ഞ ദിവസം മുതൽ ലഭിച്ചു തുടങ്ങി. ഇരുരാജ്യങ്ങൾക്കുമിടയിലെ വാതക പൈപ്പ് ലൈൻ വഴിയാണ് കൈമാറ്റം. ബംഗാളിലെ സിലിഗുരിയിൽ നിന്ന് ആരംഭിക്കുന്ന പൈപ്പിലൂടെ ബംഗ്ലദേശിലെ പാർവതിപൂരിലെ പദ്‍മ ഓയിൽ ഡിപ്പോയിൽ ഡീസൽ എത്തി തുടങ്ങിയിട്ടുണ്ട്. മാർച്ചിൽ 22,000 ടൺ ഡീസലാണ് ഇന്ത്യ ബംഗ്ലദേശിന് നൽകിയത്. മാർച്ച് 14ന് ശേഷം ഇതുവരെയുള്ള കണക്ക് എടുത്താൽ ഇത് 30,000 ടണ്ണാണ്. അടുത്ത ദിവസങ്ങളിൽ 7,000 ടൺ  കൂടി ബംഗ്ലദേശിന് നൽകുമെന്നാണ് വിവരം. ഏപ്രിലിൽ ഇന്ത്യയിൽ നിന്ന് 25,000 ടൺ ഡീസലാണ് ഇന്ത്യ ബംഗ്ലദേശിന് നൽകുന്നത്. രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകളുടെ സേവനവും ബംഗ്ലദേശ് തേടുന്നുണ്ട്. റഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം പെട്രോളും ഡീസലുമാക്കി കൊണ്ടുപോകാനാണ് ആലോചന. ഇതിനുള്ള എല്ലാ ചെലവുകളും വഹിക്കാമെന്നും ബംഗ്ലദേശ് അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാൻ ഡിസൈൻ ചെയ്ത ബംഗ്ലദേശിലെ റിഫൈനറിയിൽ റഷ്യൻ ‘യുറാൽ’ ക്രൂഡ് ശുദ്ധീകരിക്കാൻ കഴിയാത്തതാണ് പ്രധാന കാരണം. 


Source link
Exit mobile version