പാത്രം കഴുകുന്ന വെള്ളം ഉൾപ്പെടെ ശേഖരിച്ചു ശുദ്ധീകരിക്കണമെന്നു കോടതി; ഹൗസ്ബോട്ട് മേഖല ആശങ്കയിൽ: നാളെ മുതൽ സർവീസ് നടത്തരുതെന്നു നിർദേശം

ആലപ്പുഴ ∙ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സർട്ടിഫിക്കറ്റും ഇല്ലാത്ത ഹൗസ്ബോട്ടുകൾ നാളെ മുതൽ വേമ്പനാട്ടു കായലിൽ സർവീസ് നടത്തരുതെന്നു നിർദേശമുണ്ടെങ്കിലും എല്ലാ ഹൗസ്ബോട്ടുകൾക്കും ആവശ്യമുള്ളത്ര മലിനീകരണ നിയന്ത്രണ സംവിധാനം ജില്ലയിലില്ല. ശുചിമുറി മാലിന്യം സംസ്കരിക്കാൻ തന്നെ വേണ്ടത്ര സംവിധാനമില്ലാതിരിക്കെയാണു പാത്രം കഴുകുന്ന വെള്ളം ഉൾപ്പെടെ ശേഖരിച്ചു ശുദ്ധീകരിക്കണമെന്നു കോടതി ഉത്തരവെത്തിയത്. ഇതോടെ ഹൗസ്ബോട്ട് മേഖല ആശങ്കയിലായി.നിലവിൽ ശുചിമുറി മാലിന്യം സംസ്കരിക്കാൻ ജില്ലയിൽ പ്ലാന്റ് ഇല്ല. ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആർ ബ്ലോക്കിൽ വാങ്ങി നൽകിയ സ്ഥലത്തു പ്രവർത്തിച്ചിരുന്ന സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി) പ്രളയത്തിൽ കേടായി. പിന്നീട് ഇതുവരെ ശരിയാക്കിയിട്ടില്ല. ചേർത്തല ഇൻഫോപാർക്കിലെ എസ്ടിപിയിൽ മാലിന്യം എത്തിക്കുന്നതു നാട്ടുകാർ തടയുകയും ചെയ്തു. ഇതോടെ ഹൗസ്ബോട്ടുകളിൽ നിന്നുള്ള മാലിന്യം ലോറികളിൽ ശേഖരിച്ച് എറണാകുളം ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ എത്തിച്ചാണു സംസ്കരിക്കുന്നത്. കുമരകത്തെ പ്ലാന്റിനെയും ചിലർ ആശ്രയിക്കുന്നുണ്ട്. ഇപ്പോഴും എല്ലാ ഹൗസ്ബോട്ടുകൾക്കും ആവശ്യമുള്ളത്ര എസ്ടിപി സൗകര്യം ലഭ്യമല്ല.സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തത കാരണം കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ പുതിയ എസ്ടിപി പ്ലാന്റ് സി ബ്ലോക്കിൽ സജ്ജമാക്കുന്നുണ്ട്. ഇതു പ്രവർത്തനം ആരംഭിക്കുന്നതോടെ ശുചിമുറി മാലിന്യം സംസ്കരിക്കാൻ ഇടമാകുമെങ്കിലും വെള്ളം ശേഖരിക്കുക ബുദ്ധിമുട്ടാകും. ഹൗസ്ബോട്ടുകളിൽ തന്നെ ബയോ ട്രീറ്റ്മെന്റ് നടത്തി പുറന്തള്ളുന്ന വെള്ളം പരിശോധിച്ചു ഗുണനിലവാരം ഉണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ആവശ്യം. ജില്ലയിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ 7 കിയോസ്കുകൾ ഉണ്ടെന്നും ഇവിടങ്ങളിലെത്തി വെള്ളം സംസ്കരിക്കാമെന്നും തുറമുഖ വകുപ്പ് അധികൃതർ പറഞ്ഞു.
Source link
