Site icon onlinekeralanews.com

രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ്: നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു


കൊച്ചി ∙ സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. രണ്ടു ദിവസം മുമ്പായിരുന്നു എസ്ഐടിയുടെ ചോദ്യം ചെയ്യൽ. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ രഞ്ജിത്തിനെ ഒളിവിൽ പോകാൻ ബോബി സഹായിച്ചു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ കേസിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ബോബി കുര്യൻ നൽകിയ മൊഴി. രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴാണ് താൻ വിവരമറിയുന്നതെന്നും ബോബി വ്യക്തമാക്കി. എന്നാൽ ബോബിയുടെ ഈ മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാത്ത അന്വേഷണസംഘം നടനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. രഞ്ജിത്തിനും ബോബിക്കുമൊപ്പം കാറിലുണ്ടായിരുന്ന സഹസംവിധായക ശാലിനിയെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.എട്ടു ദിവസം ജയിലിൽ കഴിഞ്ഞതിനു ശേഷം രഞ്ജിത്തിനു ജാമ്യം ലഭിച്ചിരുന്നു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിനു ജാമ്യം നല്‍കിയത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹര്‍ജിയില്‍ രഞ്ജിത്തിന്റെ വാദം. കരൾ മാറ്റിവച്ചതടക്കം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും രഞ്ജിത്ത് ഹർജിയിൽ പറഞ്ഞിരുന്നു. സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാങ്കേതികമായ കാരണങ്ങളാൽ രഞ്ജിത്ത് രക്ഷപെടുകയായിരുന്നു എന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.


Source link
Exit mobile version