25 സീറ്റിൽ വിശദപരിശോധന തേടി കെ.പി.സി.സി നേതൃത്വം

തിരുവനന്തപുരം: 25 സീറ്റുകളിൽ വിശദമായ ചർച്ച വേണമെന്ന് കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. പ്രാഥമിക ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താനാകുന്നില്ല. മുതിർന്ന നേതാക്കളുടെ താൽപര്യം, സാമുദായിക ഘടകങ്ങൾ എന്നിവ ഈ സീറ്റുകളിൽ പ്രധാനമാണ്. വാമനപുരം, നെടുമങ്ങാട്, ചിറയൻകീഴ്, ചടയമംഗലം, എന്നിവിടങ്ങളിൽ ധാരണയിലെത്തിയവർക്കെതിരെ പരാതികളുയർന്നിട്ടുണ്ട്. കോന്നിയിൽ മത്സരിക്കാൻ അവകാശവാദവുമായി സതീഷ് കൊച്ചുപറമ്പിൽ രംഗത്തുണ്ട്. ആറന്മുളയിൽ അബിൻ വർക്കിയെ മത്സരിപ്പിക്കരുതെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചു. ആലപ്പുഴയിൽ കടുത്ത നിലപാടുമായി എ.എ ഷുക്കൂർ തുടരുകയാണ്. അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തി രൂക്ഷമാണ്. തൃക്കരിപ്പൂരിൽ ജോമോൻ ജോസിനെതിരെ ഡി.സി.സിയിൽ എതിർപ്പുണ്ട്. കൊച്ചിയിൽ മുഹമ്മദ് ഷിയാസിന്റെയും ദീപ്തി മേരി വർഗീസിന്റെയും പേരുകളാണ് പരിഗണനയിൽ. ഇതിലും തീരുമാനമായില്ല. തിങ്കളാഴ്ച നേതാക്കൾ ഡൽഹിയിലേക്ക് പുറപ്പെടും. വിശദമായ ചർച്ച നടത്തി ബുധനാഴ്ചയോടെ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ പ്രതീക്ഷ.
Source link



