പരിഭ്രാന്തിയുടെ മണിക്കൂറുകൾ; നാട് കൈകോർത്തു, വൻദുരന്തം വഴിമാറി

തുറവൂർ ∙ താലൂക്ക് ആശുപത്രിയുടെ മുകൾനിലയിലെ തകരഷീറ്റു കൊണ്ടു നിർമിച്ച സ്റ്റോറിനാണ് ഇന്നലെ രാവിലെ പത്തുകഴിഞ്ഞ് തീ പിടിച്ചത്. തീയും പുകയും ഉയർന്നതോടെ താഴത്തെ നിലകളിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അത്യാഹിത വിഭാഗവും ഒപിയും ഒന്നാം നിലയിൽ ഡയാലിസിസ് വിഭാഗവും രണ്ടാം നിലയിൽ സ്ത്രീകളുടെ വാർഡുമാണുള്ളത്. മൂന്നാം നിലയിലാണ് മരുന്നുകൾ വച്ചിരുന്നത്. ഫാർമസിസ്റ്റ് സ്റ്റോർ റൂം തുറന്നപ്പോൾ വൈദ്യുതി ലൈനിൽനിന്നു തീപടരുന്നതു കണ്ടു. പെട്ടെന്നാണ് തീ ആളിപ്പടർന്നത്. പ്രദേശമാകെ കറുത്ത പുക ഉയർന്നതോടെ ആശുപത്രിയിലുള്ളവർക്കും പരിസരവാസികൾക്കും ശ്വാസംമുട്ടലുണ്ടായി. ഗൈനക് വാർഡിൽ 7 ഗർഭിണികളും പ്രസവം കഴിഞ്ഞ മൂന്നുപേരും ഉണ്ടായിരുന്നു. ഒരാൾ പ്രസവമുറിയിലായിരുന്നു. മറ്റു വാർഡുകളിലായി 23 പേരും ഉണ്ടായിരുന്നു. ഇവരെയെല്ലാം ആശുപത്രി ജീവനക്കാരും രക്ഷാപ്രവർത്തകരും ചേർന്നു 15 മിനിറ്റുകൊണ്ടു പുറത്തെത്തിച്ചു. ഈ സമയത്താണ് അത്യാസന്ന നിലയിൽ ഒരാളെ കൊണ്ടുവരുന്നത്. ഇദ്ദേഹം അവിടെ വച്ചു മരിച്ചു. മൃതദേഹം അരൂക്കുറ്റി ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. മന്ത്രി പി.പ്രസാദും ദലീമ എംഎൽഎയും സ്ഥലത്തെത്തി നടപടികൾക്കു നേതൃത്വം നൽകി. മൂന്നുനില ആശുപത്രി കെട്ടിടത്തിലുണ്ടായിരുന്ന 160 പേരെയാണ് മിനിറ്റുകൾക്കകം കെട്ടിടത്തിനു മുകളിൽ നിന്നു താഴെയെത്തിച്ചത്. പ്രസവ വാർഡിൽ ഗർഭിണികളായ 8 സ്ത്രീകളും പ്രസവം കഴിഞ്ഞ 3 അമ്മമാരും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇവരെ സ്ട്രെച്ചറിലും മറ്റുമായി സുരക്ഷിതമായി മാറ്റുകയായിരുന്നു ആദ്യദൗത്യം. ഇതുകൂടാതെ ഡയാലിസിസ് വിഭാഗത്തിൽ 11 പേരും 10 കിടപ്പുരോഗികളുമുണ്ടായിരുന്നു. ഒപിയിലും മറ്റുമായി ചികിത്സ തേടി എത്തിയ ഇരുനൂറോളം പേർ വേറെയും.
Source link
