യുഎസിന്റെ ചാരക്കണ്ണുകൾ വെട്ടിച്ച് ഇറാന്റെ ‘അദൃശ്യ’ ബാങ്ക്; എണ്ണ വിറ്റ പണം ‘ചൈന’യിലൂടെ കടത്തും, തൊടാൻ പറ്റില്ല!

വർഷങ്ങളായി യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധം നിലനിൽക്കുന്ന രാജ്യമാണ് ഇറാൻ. രാജ്യാന്തര പേയ്മെന്‍റ് സംവിധാനങ്ങളിലൊന്നും ഇറാന് പ്രവേശനവുമില്ല. വലിയ അളവിൽ ക്രൂഡ് ഓയിൽ ഉൽപാദിപ്പിക്കുന്ന ഇറാൻ പിന്നെ എങ്ങനെയാണ് ഇതൊക്കെ മറ്റു രാജ്യങ്ങൾക്ക് വിറ്റു പണം വാങ്ങുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ‘ഷാഡോ ബാങ്കിങ്’ എന്നറിയപ്പെടുന്ന സമാന്തര ബാങ്കിങ് സംവിധാനത്തിലൂടെയാണ് ഇറാന്‍ ഈ ‘പ്രതിസന്ധിയെ’ നേരിടുന്നത്. ചൈനയുടെ കീഴിലുള്ള സ്വയംഭരണ പ്രദേശമായ ഹോങ്കോങ് പോലുള്ള സ്ഥലങ്ങളുടെ സഹായത്തോടെയാണിത്. കമ്പനികൾ രജിസ്റ്റർ ചെയ്യാനുള്ള നിയമങ്ങൾ വളരെ ഉദാരമായ പ്രദേശമാണ് ഹോങ്കോങ്. അതുകൊണ്ട് തന്നെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധമുള്ള ഇറാനിയൻ കമ്പനികൾക്ക് മറ്റു പേരുകളിൽ ഇവിടെ എളുപ്പത്തിൽ കമ്പനികൾ രജിസ്റ്റർ ചെയ്യാം. ഇത്തരം കമ്പനികളിലൂടെ ഹോങ്കോങിൽ നിന്ന് 2024ൽ മാത്രം ഇറാനിലേക്ക് കടത്തിയത് 480 കോടി ഡോളറാണ്. ക്രൂഡ് ഓയിൽ വിറ്റുകിട്ടുന്ന ചൈനീസ് യുവാനെ അമേരിക്കന്‍ ഡോളർ, യൂറോ തുടങ്ങിയ വിദേശ കറൻസികളിലേക്ക് മാറ്റിയ ശേഷമാണ് കൈമാറ്റം. മാത്രവുമല്ല ഈ കമ്പനികളെ ഉപയോഗിച്ചാണ് ഇറാൻ ആയുധ നിർമാണത്തിന് വേണ്ട സാധനങ്ങൾ വാങ്ങുന്നതെന്നും ആരോപണമുണ്ട്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ഇത്തരം കമ്പനികള്‍ക്ക് മേൽ യുഎസ് ഉപരോധം ഏർപ്പെടുത്താറുണ്ട്. കുറച്ചുകഴിഞ്ഞാൽ വീണ്ടും മറ്റ് പേരുകളിൽ ഇവ തിരിച്ചെത്തും. 2024ൽ ഇത്തരത്തിൽ അഞ്ച് കമ്പനികളെ യുഎസ് ട്രഷറി ഡിപ്പാർട്മെന്‍റ് വിലക്കി. ഡ്രോണുകൾ നിര്‍മിക്കാൻ ഇറാനു വേണ്ടി സാമഗ്രികൾ വാങ്ങിയെന്ന് ആരോപിച്ച് 2025ലും ചില കമ്പനികള്‍ക്ക് ഉപരോധം ഏർപ്പെടുത്തി. 2025 നവംബറിലെ കണക്ക് പ്രകാരം ഹോങ്കോങിലെ 366 കമ്പനികള്‍ക്കാണ് യുഎസ് ഉപരോധമുള്ളത്.
Source link
