ഡഗ്ഔട്ടിൽ ഫോണ്‍ നോക്കിയിരുന്ന് രാജസ്ഥാൻ ടീം മാനേജരും വൈഭവും: ‘കത്തിക്കയറി’ വിവാദം; കടുത്ത നടപടിക്ക് ബിസിസിഐ? –വിഡിയോ

ഗുവാഹത്തി∙ ഐപിഎലിൽ വെള്ളിയാഴ്ച നടന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനു പിന്നാലെ രാജസ്ഥാൻ റോയൽസ് ടീം വിവാദത്തിൽ. ഫ്രാഞ്ചൈസിയുടെ ടീം മാനേജർ റോമി ഭിന്ദർ ഡഗ്ഔട്ടിലിരുന്ന് ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ബിസിസിഐയുടെ അഴിമതി വിരുദ്ധ നിയമങ്ങൾ പ്രകാരം മത്സരത്തിനിടെ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതാണ്. എന്താണ് പിഎംഒഎ ചട്ടം പറയുന്നത്? ഐപിഎലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ‘പിഎംഒഎ പ്രോട്ടോക്കോൾ – 2026’ അനുസരിച്ച്, ടീം മാനേജർക്ക് ഡഗ്ഔട്ടിൽ ഫോൺ കൈവശം വയ്ക്കാൻ അനുവാദമുണ്ട്, എന്നാൽ അത് ഉപയോഗിക്കാൻ പാടില്ല. ‘‘ടീമിലെ ചുരുക്കം ചില അംഗങ്ങൾക്കൊഴികെ, മറ്റാർക്കും പിഎംഒഎ ഏരിയയിൽ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ആശയവിനിമയ ഉപകരണങ്ങളോ ഉപയോഗിക്കാൻ അനുവാദമില്ല. കൂടാതെ, ടീം മാനേജർക്ക് ഡ്രസ്സിങ് റൂമിൽ ഫോൺ ഉപയോഗിക്കാം, പക്ഷേ ഡഗ്ഔട്ടിൽ പാടില്ല.’’–ചട്ടത്തിൽ പറയുന്നു.സംഭവത്തിൽ ഐപിഎൽ ഗവേണിങ് കൗൺസിൽ നടപടിയെടുത്തേക്കുമെന്നാണ് സൂചന. ഇക്കാര്യം ബിസിസിഐ വൃത്തം അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വിഷയം ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം (എസിയു) അന്വേഷിക്കുമെന്നും തുടർന്ന് എസിയു മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭിന്ദറിനുള്ള പിഴയുടെ സ്വഭാവം തീരുമാനിക്കും.കനത്ത പിഴയോ അല്ലെങ്കിൽ പിഎംഒഎയിൽ നിന്നുള്ള താൽക്കാലിക സസ്പെൻഷനോ ഉൾപ്പെടെയുള്ള വിവിധ ശിക്ഷാ നടപടികൾ അദ്ദേഹം നേരിടേണ്ടി വന്നേക്കാം.
Source link
