Site icon onlinekeralanews.com

അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചു; കുരുക്കായി ഫോൺ രേഖകള്‍


കൊച്ചി ∙ സംവിധായകൻ രഞ്ജിത്തിനു കുരുക്കായി ഫോൺ രേഖകള്‍. അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ നടി ഫോൺ എടുത്തില്ല. ഡിജിറ്റൽ രേഖകൾ ശേഖരിച്ച ശേഷം രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് എറണാകുളം സിറ്റി പൊലിസ് കമ്മിഷണർ കാളിരാജ് മഹേഷ്‌ കുമാർ വ്യക്തമാക്കി. അതിക്രമം നടന്നതായി പരാതിയിൽ പറയുന്ന കാരവാനിൽ അടക്കം തെളിവെടുപ്പ് പൂർത്തിയാക്കി രഞ്ജിത്തിനെ ഇന്നലെ വീണ്ടും റിമാൻഡ് ചെയ്തിരുന്നു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്നാണ് കരുതുന്നത്.സംഭവത്തിനുശേഷം രഞ്ജിത്ത് അന്നുതന്നെ യുവനടിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന ഡിസിപി അശ്വതി ജിജി പറഞ്ഞു. എന്നാൽ അവർ ഫോൺ എടുത്തില്ല. രഞ്ജിത്ത് നടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയില്ലെന്നും അവർ പറഞ്ഞു. രഞ്ജിത്തിന്റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. സെറ്റിൽ ഉണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണെന്നും ഡിസിപി വ്യക്തമാക്കി. യുവനടി പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ലെന്നും അവർ പറഞ്ഞു.


Source link
Exit mobile version