Site icon onlinekeralanews.com

തോൽക്കുമായിരുന്ന കളി ഒറ്റ തീരുമാനത്തിൽ മാറ്റി രാജസ്ഥാൻ, പിന്നിൽ പരാഗിന്റെ തന്ത്രം, ‘ട്രെന്റ്’ നോക്കാതെ ടോസിലും ട്വിസ്റ്റ്


ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാൻ റോയൽസ്. ശനിയാഴ്ച നടന്ന ത്രില്ലർ‍ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ആറു റൺസ് വിജയം സ്വന്തമാക്കിയ രാജസ്ഥാൻ തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിങ് മികവു തെളിയിച്ചു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 210 റൺസെടുത്തപ്പോൾ, ചേസിങ്ങില്‍  ഗുജറാത്തിന് അവസാന 12 പന്തുകളിൽ വേണ്ടത് 15 റൺസായിരുന്നു. ഗുജറാത്തിന് അനായാസം ജയിക്കാമെന്നിരിക്കെ, രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ ഒരു തന്ത്രമാണ് കളിയുടെ ഗതി തന്നെ മാറ്റിവിട്ടത്. 20–ാം ഓവർ എറിയാനിരുന്ന ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറെ 19–ാം ഓവർ എറിയാൻ നിയോഗിച്ചു. ശേഷം 20–ാം ഓവർ ഇന്ത്യൻ പേസറായ തുഷാർ ദേശ്പാണ്ഡെയ്ക്കാണു നൽകിയത്. ക്യാപ്റ്റന്റെ പ്രതീക്ഷയ്ക്കു സമാനമായി തകർത്തെറിഞ്ഞ ഇരുവരും മത്സരം പിടിച്ചെടുക്കുകയായിരുന്നു.‘‘ഞാന്‍ ബോളിങ്ങിൽ മാറ്റം വരുത്താൻ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് ആർച്ചറെ 19–ാം ഓവർ എറിയിക്കാൻ ധ്രുവ് ജുറേൽ നിർദേശിച്ചത്. അതുകൊണ്ടു തന്നെ ഈ തീരുമാനത്തിന്റെ ക്രെഡിറ്റ് ജുറേലിനാണ്.’’– മത്സരത്തിനു ശേഷം പരാഗ് പറഞ്ഞു. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ ബാറ്റിങ് തിരഞ്ഞെടുത്തതും ആരാധകരെ ഞെട്ടിച്ചു. 2026 ഐപിഎലിൽ ടോസ് ലഭിക്കുന്ന ടീമുകളെല്ലാം ഫീൽഡിങ്ങാണ് തിരഞ്ഞെടുക്കുന്നത്. പക്ഷേ ബാറ്റർമാർക്കു വലിയ പിന്തുണ നൽകുന്ന അഹമ്മദാബാദിലെ പിച്ചിന്റെ സ്വഭാവം തിരിച്ചറിഞ്ഞാണ് പരാഗ് ബാറ്റിങ്ങിനു പോയത്. കഴിഞ്ഞ സീസണിൽ മോദി സ്റ്റേഡിയത്തിൽ നടന്ന ഒന്‍പതിൽ ഏഴു മത്സരങ്ങളും ആദ്യം ബാറ്റു ചെയ്ത ടീമായിരുന്നു വിജയിച്ചത്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായിട്ടുപോലും പരാഗിന്റെ തന്ത്രങ്ങളെ മറികടക്കാൻ ടൈറ്റൻസിനു സാധിച്ചില്ല.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് 8 ഓവറിൽ 78 റൺസ് കൂട്ടിച്ചേർത്ത സായ് സുദർശൻ (44 പന്തിൽ 73)– കുമാർ കുശാഗ്ര (14 പന്തിൽ 18) സഖ്യം മിന്നും തുടക്കമാണ് നൽകിയത്. എന്നാൽ പിന്നാലെ തുടർച്ചയായി വിക്കറ്റു വീഴ്ത്തിയ രാജസ്ഥാൻ മത്സരത്തിൽ പിടിമുറുക്കി. 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ രവി ബിഷ്ണോയ് ആണ് രാജസ്ഥാൻ ആക്രമണത്തിനു ചുക്കാൻ പിടിച്ചത്. നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന് ധ്രുവ് ജുറേൽ (42 പന്തിൽ 75), യശസ്വി ജയ്സ്വാൾ (36 പന്തിൽ 55), വൈഭവ് സൂര്യവംശി (18 പന്തിൽ 31) എന്നിവരുടെ ഇന്നിങ്സുകളാണ് മികച്ച സ്കോർ സമ്മാനിച്ചത്.


Source link
Exit mobile version