NATIIONAL
20-ാം ഓവറിൽ ജയിക്കാൻ വേണ്ടത് 14 റൺസ്; പാക്ക് താരങ്ങളുടെ ചർച്ചയ്ക്കിടെ പന്തു വാങ്ങി അംപയർ, പരിശോധനയിൽ കൃത്രിമം പുറത്ത്- വിഡിയോ

ലഹോര്‍∙ പാക്കിസ്ഥാൻ ക്രിക്കറ്റിനെ നാണക്കേടിലേക്കു തള്ളിവിട്ട് പന്തുചുരണ്ടൽ വിവാദം. പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ ലഹോർ ക്വാലാൻഡേഴ്സ് ടീമിന്റെ പാക്ക് താരങ്ങളാണ് പന്തിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചത്. കറാച്ചി കിങ്സിന് ജയിക്കാന്‍ 20–ാം ഓവറിൽ 14 റൺസ് കൂടി വേണ്ടിയിരുന്നപ്പോഴാണ് ലഹോർ ക്യാപ്റ്റൻ ഷഹീൻ അഫ്രീദി, ഫഖർ സമാൻ, ഹാരിസ് റൗഫ് എന്നിവർ ചേർന്ന് ബോളറുടെ റണ്‍ അപ് ഏരിയയ്ക്കു സമീപത്തുനിന്ന് പന്ത് കയ്യിൽവച്ച് ഏറെ നേരം സംസാരിച്ചത്. മൂവരും ചുറ്റും കൂടി നിൽക്കുന്ന സമയത്ത് അംപയറുടെ കണ്ണുവെട്ടിച്ച് പന്തിൽ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.മത്സരത്തിനിടെ പല തവണ ഒഫിഷ്യൽസും താരങ്ങളും കൈമാറിയ പന്തിൽ വന്ന മാറ്റത്തിന്, അവസാന നിമിഷം ഉപയോഗിച്ചവരെ മാത്രം കുറ്റം പറയാൻ സാധിക്കില്ലെന്നാണ് ലഹോർ ടീമിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. പന്തിൽ കൃത്രിമം കാണിച്ചതിന് ഓസ്ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് എന്നിവർക്ക് ഏറെക്കാലം വിലക്ക് നേരിടേണ്ടിവന്നിരുന്നു. ഇത്രയും വലിയ ശിക്ഷ പാക്കിസ്ഥാൻ ക്രിക്കറ്റിലെ പ്രധാന താരങ്ങൾക്ക് പാക്ക് ബോർഡ് നൽകില്ലെന്നാണു പുറത്തുവരുന്ന വിവരം. മാച്ച് റഫറി റോഷൻ മഹനാമയുടെ നേതൃത്വത്തിൽ നടന്ന ഹിയറിങ്ങിൽ അംപയര്‍മാരുടെ കണ്ടെത്തലിനെ ഫഖർ സമാൻ തള്ളിയിരുന്നു. ലെവൽ മൂന്ന് പ്രകാരമുള്ള കുറ്റം തെളിഞ്ഞാൽ ഒരു മത്സരത്തിലെ വിലക്കാണ് പാക്ക് താരങ്ങൾക്കു ലഭിക്കാവുന്ന കുറഞ്ഞ ശിക്ഷ.
Source link


