LATEST

18 വയസുവരെയുള്ള കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം; പുതിയ നിയമം കൊണ്ട് വരാൻ ബാലാവകാശ കമ്മീഷൻ


തിരുവനന്തപുരം: പതിനെട്ട് വയസുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷൻ. നിയമം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ച് തുടർനടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ അംഗം ഷാജേഷ് ഭാസ്കർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും സംസ്ഥാന പോലീസ് മേധാവിയും ഉൾപ്പെടുന്നതാകണം ഉന്നതതല സമിതി. കൊവിഡിനുശേഷം സ്ക്രീൻ അഡിക്ഷൻ കുട്ടികളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇന്റർനെറ്റ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക-ശാരീരിക-വൈകാരിക വിദ്യാഭ്യാസ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. രണ്ട് വയസുവരെ കുട്ടികൾക്ക് വീഡിയോകോൾ ഒഴികെ സ്ക്രീൻ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം. അഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ അറിവോടെ ഒരു മണിക്കൂറായി നിജപ്പെടുത്തണം. പന്ത്രണ്ട് വയസ്സുവരെ സ്ക്രീൻ സമയം പരമാവധി രണ്ട് മണിക്കൂറായി നിയന്ത്രിക്കണം. പതിനെട്ട് വയസുവരെ പഠനത്തിനുപുറമെ സ്ക്രീൻ സമയം രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തേണ്ടതാണ് എന്ന മാനസികാരോഗ്യ വിദഗ്ധരുടെയും ആരോഗ്യ പ്രവർത്തകരുടെയും കണ്ടെത്തലുകൾ കമ്മീഷൻ അംഗീകരിച്ചു.


Source link

Back to top button