LATEST

15-ാം വയസിലെ ‘ഷോർട്ട് ഫിലിം പിടുത്തം’, സിനിമയെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾ ഒന്നിച്ചുനിന്നാൽ പലതും നടക്കും

സിനിമയെന്ന മാദ്ധ്യമത്തിലൂടെ തന്റേതായ ശൈലിയിൽ കഥാപാത്രങ്ങളെയും കഥയെയും പുതിയ തലങ്ങളിൽ അവതരിപ്പിച്ച് ശ്രദ്ധേയനാവുകയാണ് യുവസംവിധായകനും എഴുത്തുകാരനുമായ സച്ചിൻ സഹദേവ്. 15-ാം വയസിൽ ഷോർട്ട് ഫിലിമുകളിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന ഈ കോഴിക്കോടുകാരൻ, തന്റെ അക്കാദമിക് പ്രോജക്റ്റായ ‘മഞ്ഞ പച്ച ചുവപ്പ്’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്.

ക്രിയേറ്റീവ് ഡയറക്ടർ, വീഡിയോ എഡിറ്റർ, ഡിസൈനർ എന്നീ നിലകളിലും കഴിവ് തെളിയിച്ച സച്ചിൻ, നിലവിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ മീഡിയ ഇൻസ്ട്രക്ടറായി ജോലി ചെയ്യുകയാണ്. കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ സച്ചിന്റെ ഏറ്റവും പുതിയ ഹ്രസ്വചിത്രം ‘അതിനോട സത്തിയം’ തൃശൂർ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിൽ തിരഞ്ഞെടുക്കപ്പെടുകയും മികച്ച സൗണ്ട് ഡിസൈനിനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. സിനിമയെന്ന സ്വപ്നത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പുതിയ പ്രതീക്ഷകളെക്കുറിച്ചും അദ്ദേഹം കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

എഡിറ്റർ- സംവിധായകൻ: മനസ് ആരുടെ പക്ഷത്ത്

സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ, മനസാണ് സിനിമ എന്നതാണ് പ്രധാന സംഗതി. സംവിധാനവും എഡിറ്റിംഗും ഞാൻ തന്നെയാണ് നിർവഹിക്കുന്നത്. ഷൂട്ടിംഗിന് മുൻപേ സംവിധായകന്റെ ഉള്ളിൽ ഒരു ചിത്രം രൂപപ്പെടും. എഡിറ്റിംഗ് ടേബിളിൽ എത്തുമ്പോൾ, സംവിധായകന്റെ കാഴ്ചപ്പാടിൽ നിന്ന് അല്പം മാറി എഡിറ്ററുടെ കാഴ്ചപ്പാടിലേക്ക് സഞ്ചരിക്കേണ്ടിവരും. കാരണം അവിടെ കൂട്ടിച്ചേർക്കലുകൾക്കും മെച്ചപ്പെടുത്തലുകൾക്കും കൂടുതൽ സാദ്ധ്യതയുണ്ട്. രണ്ടാൾക്കും തുല്യമായ ഇടം ആവശ്യമാണെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം എഡിറ്റർക്ക് കുറച്ചധികം സ്പേസ് ഉണ്ടാകും.

ആദ്യ ഷോർട്ട് ഫിലിം ‘മഞ്ഞ പച്ച ചുവപ്പ്’

മലയാള സർവകലാശാലയിൽ ചലച്ചിത്ര പഠനം ചെയ്യുന്നതിനിടെ അക്കാദമിക് പ്രോജക്ടിന്റെ ഭാഗമായാണ് ‘മഞ്ഞ പച്ച ചുവപ്പ്’ ചെയ്തത്. നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഡാർക്ക് കോമഡി ഹ്യൂമറസ് ശൈലിയിലാണ് ചിത്രം ഒരുക്കിയത്. കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിലെ തെരഞ്ഞെടുപ്പും, മീഡിയ വൺ ഫെസ്റ്റിവലിൽ ലഭിച്ച പുരസ്‌കാരവും, അംഗീകാരങ്ങളുമാണ് എന്നിലെ സിനിമാക്കാരന് വളമായത്.

നിറങ്ങൾ സിനിമയിലെ പ്രധാനപ്പെട്ട റോൾ കൈകാര്യം ചെയ്യുന്നുണ്ട്. നിറങ്ങളുമായി ചുറ്റിപ്പറ്റിയാണ് കഥാപശ്ചാത്തലം. കളർ തിയറി അനുസരിച്ച്, കൂൾ, വാം തുടങ്ങിയ നിറങ്ങളുടെ സ്വഭാവം കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ച് സ്ഥാപിക്കാനും ആശയം പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാനും ഈ നിറങ്ങളീലൂടെ സഹായിച്ചു.

വീഡിയോ എഡിറ്റിംഗ് , ഡിസൈനിംഗ്, അദ്ധ്യാപനം, സംവിധാനം

ഡിഗ്രിക്ക് മൾട്ടിമീഡിയ കമ്യൂണിക്കേഷൻ പഠിച്ചപ്പോൾ എഡിറ്റിംഗ് ഇഷ്ടമേഖലയായി. അതുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രങ്ങളും മ്യൂസിക്കൽ വീഡിയോകളും എഡിറ്റ് ചെയ്തുകൊണ്ടാണ് തുടക്കം. ഒരു ആന്തോളജി സിനിമയിൽ എഡിറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചതോടെ എഡിറ്റർ എന്ന നിലയിൽ എനിക്ക് അവസരങ്ങൾ ലഭിച്ചു. നാട്ടിലെ സുഹൃത്തുക്കളുമായി ചേർന്ന് രൂപീകരിച്ച ‘കലപ്പ ക്രിയേറ്റീവ് കളക്റ്റീവ്’ എന്ന സംഘടനയിലൂടെ സിനിമ, നാടകം തുടങ്ങിയ സംഗതികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഇപ്പോൾ മലയാള സർവകലാശാലയിൽ മീഡിയ ഇൻസ്ട്രക്ടർ ആയി പ്രവർത്തിക്കുന്നത് വിദ്യാർത്ഥികളുമായി സംവദിക്കാനും പ്രായോഗിക പരിശീലനം നൽകാനും സിനിമയുമായി ബന്ധപ്പെടാനുമുള്ള ഇടമായി കാണുന്നു.

ഷോർട്ട് ഫിലിമുകളുടെ പൊതുസ്വഭാവം
നിലവിൽ ഷോർട്ട് ഫിലിമുകൾക്ക് അങ്ങനെ പൊതുസ്വഭാവം ഇല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. യൂട്യൂബിൽ വരുന്ന സ്ഥിരം പാറ്റേണുകൾക്ക് അപ്പുറം, ഫെസ്റ്റിവലുകളിലും ക്യാമ്പസുകളിലും കാണുന്ന ചിത്രങ്ങൾ പുതിയ സിനിമാ കാഴ്ചകളെയാണ് നമുക്ക് നൽകുന്നത്. ഹ്രസ്വചിത്രങ്ങൾ പരീക്ഷണങ്ങൾ നടത്താൻ പറ്റുന്ന ഇടമാണ്. അക്കാദമിക് പോയിന്റ് ഓഫ് വ്യൂവിൽ സിനിമയെ കാണുന്ന രീതി എന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്. സിനിമയുടെ പുതിയ രൂപങ്ങളെ സൃഷ്ടിക്കാനാണ് ഞാനിപ്പോൾ ആലോചിക്കുന്നത്.

എന്ത് തരം കഥകൾ പറയാനാണ് ഇഷ്ടം

എല്ലാ തരത്തിലുള്ള കഥകളും താൽപര്യമുണ്ടെങ്കിലും, തമാശ സിനിമകളാണ് കൂടുതൽ ഇഷ്ടം. അത്തരം സംഗതികൾ സാധാരണ പ്രേക്ഷകരുമായി പെട്ടെന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്.

പതിനഞ്ചാം വയസിലെ ഷോർട്ട് ഫിലിം പിടുത്തം
ഷോർട്ട് ഫിലിമുകൾക്ക് മുൻപ്, സ്കൂൾ കലോത്സവ വേദികളിലെ നാടകങ്ങൾ, മോണോ ആക്ടുകൾ, മിമിക്രികൾ എന്നിവയിലെല്ലാം സജീവമായിരുന്നു. ചെറിയ ഫോണുകൾ ഉപയോഗിച്ച് ഷോർട്ട് ഫിലിമുകൾ എടുത്തു കളിച്ച കുട്ടിക്കാലം. സ്കൂളിൽ നിന്നും, വീട്ടിൽ നിന്നും, നാട്ടുകാരിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും ലഭിച്ച പിന്തുണയാണ് എന്നെ വലിയ രീതിയിൽ സ്വാധീനിച്ചത്.

മലയാള സർവകലാശാല

സിനിമയെ കൂടുതൽ ആഴത്തിൽ പഠിക്കാനുള്ള ആഗ്രഹത്തിലാണ് മലയാള സർവകലാശാലയിൽ ചലച്ചിത്ര പഠനത്തിൽ ചേർന്നത്. ലോക സിനിമകളെ പരിചയപ്പെടാനും സിനിമയുടെ ചർച്ചകളിൽ ഇടപെടാനുമുള്ള ഒരിടമായി സർവകലാശാല മാറി. പഠനകാലത്ത് നേടിയ അറിവുകൾ ‘മഞ്ഞ പച്ച ചുവപ്പി’ൽ തിയററ്റിക്കലായി ഉപയോഗിച്ചിട്ടുണ്ട്. സിനിമ പഠിച്ചിറങ്ങിയ സമയത്ത് എന്നിലെ സിനിമാക്കാരനുണ്ടായ മാറ്റമാണ് ഏറ്റവും വലിയ നേട്ടം. വിദ്യാർത്ഥികളുമായി സംവദിക്കാനും അവരുടെ വർക്കുകളിൽ ഇടപെടാനുമുള്ള ഒരു ഇടമായി അദ്ധ്യാപക ജോലിയെ കാണുന്നു.

കലാപരമായ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയത് നാടകങ്ങൾ

വീട്ടുകാരും സുഹൃത്തുക്കളും നൽകിയ പിന്തുണയ്ക്ക് പുറമെ, നാടകങ്ങളാണ് കലാപരമായ കാഴ്ചപ്പാടുകളെ കൂടുതലായി രൂപപ്പെടുത്താൻ ശ്രമിച്ചത്. വെറും ആസ്വാദനം മാത്രമല്ല, ആലോചനയും കൂടി ഉണ്ടാകണം എന്ന ചിന്ത നാടകങ്ങളിലൂടെയാണ് ശക്തമായത്.

പരീക്ഷണാത്മക സിനിമകൾ ചെയ്യാൻ ശ്രമിക്കുക
കൂടുതൽ പരീക്ഷണാത്മകമായ സിനിമകൾ ചെയ്യാൻ ശ്രമിക്കുക. ഷോർട്ട് ഫിലിമുകൾക്ക് ലഭിക്കുന്ന വേദികൾ പുതിയ ആശയങ്ങളെ ഉപയോഗപ്പെടുത്താനുള്ള ഒരവസരമാണ്. അതിനെ പരീക്ഷണത്തിനുള്ള ഇടമാക്കി മാറ്റുക. ഫെസ്റ്റിവലുകളിലെയും പുറത്തുള്ള സിനിമകളും കൂടുതൽ കാണുക. അതിലൂടെ സിനിമയെ ആഴത്തിൽ പഠിക്കാനും സംസാരിക്കാനും കഴിയും.

‘അതിനോട സത്തിയം’

130ഓളം സിനിമകളിൽ നിന്നാണ് പത്ത് സിനിമകൾ തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ നമ്മുടെ സിനിമ മത്സരിക്കുകയും മികച്ച സൗണ്ട് ഡിസൈനിനുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തു. അവിടെയായിരുന്നു ഞങ്ങളുടെ ആദ്യ പ്രീമിയർ ഷോ നടന്നത്.

‘അതിനോട സത്തിയം’ പ്രമേയം- സന്ദേശം, അനുഭവം

സിനിമയുടെ പേരിൽ തന്നെയുണ്ട് പ്രമേയം; സത്യത്തിനെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. സത്യത്തിനെ പല രീതിയിലും വളച്ചൊടിക്കുന്ന കാലഘട്ടത്തിനെതിരെയുള്ള പ്രതിരോധമാണ് ‘അതിനോട സതത്തിയം’. ഇതൊരു ക്രൗഡ് ഫണ്ടഡ് സിനിമയാണ്. ‘കലപ്പ ക്രിയേറ്റീവ് കളക്റ്റീവ്’ എന്ന കൂട്ടായ്മയുടെ സഹായത്തോടെയാണ് നിർമ്മിച്ചത്. ചെറിയ കുട്ടികളെ വച്ച് ചെയ്ത സിനിമയാണ്. എന്റെ സിനിമയിൽ ആദ്യമായി സിങ്ക് സൗണ്ട് ഉപയോഗിച്ചതും ഈ ചിത്രത്തിലാണ്. തിരക്കഥ ഉണ്ടാക്കിയതുൾപ്പെടെ, ഷൂട്ട് അടക്കമുള്ള കാര്യങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കി. സാമ്പത്തികത്തിനപ്പുറം, സിനിമയെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾ ഒന്നിച്ചുനിന്നാൽ പെട്ടെന്ന് സിനിമ എടുക്കാം എന്ന അനുഭവമാണ് ലഭിച്ചത്.

പുതിയ പ്രോജക്ടുകൾ, ഭാവി- ഫീച്ചർ ഫിലിം

പുതിയ പ്രോജക്ടുകളെക്കുറിച്ച് ഒരുപാട് ആലോചനകളുണ്ട്. എല്ലാവരെയും പോലെ ഒരു ഫീച്ചർ ഫിലിം ചെയ്യുക എന്ന സ്വപ്നത്തിലാണ് ഞാനും ജീവിക്കുന്നത്. ഷോർട്ട് ഫിലിമുകൾ അതിലേക്കെത്താനുള്ള വഴിയായി കാണുന്നു. സിനിമയുടെ ഈ അതിരുവിടാത്ത മോഹങ്ങളുമായി ശുഭ പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button